ഉരുള്‍പൊട്ടല്‍, കൃഷിനാശം, വീടുകള്‍ തകര്‍ന്നു

Tuesday 19 September 2017 10:01 pm IST

കോഴിക്കോട്: കനത്ത മഴ യ്ക്ക് ശമനമായെങ്കിലും മഴയുടെ ദുരിതം തുടരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത കൃഷി നാശമുണ്ടായി. വിലങ്ങാട് മലയില്‍ ഉരുള്‍പൊട്ടലുണ്ടായി. നിരവധി വീടുകള്‍ തകര്‍ ന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലുണ്ടായ ശക്തമായ മഴയില്‍ 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരുതോങ്കരയിലും കോഴിക്കോട് നഗരത്തില്‍ കോട്ടൂളിയിലുമാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. കുറ്റിയാടി പക്രംതളം ചുരത്തില്‍ മണ്ണിടിച്ചലില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. രണ്ടാം വളവ് മുതല്‍ എട്ടാം വളവ് വരെയുള്ള റോഡില്‍ പത്ത് സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞ് വീണത്. ഇവ ഇന്നലെ മാറ്റിത്തുടങ്ങി. ചൂരണി, പക്രംതളം ബദല്‍ റോഡ് കനത്ത മഴയില്‍ ഒഴുകിയ പോയിട്ടുണ്ട്. പെരുവണ്ണാമൂഴി ഡാമുകളിലെ ജലനിരപ്പ് ഇന്നലെയും ഉയര്‍ന്നു. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയായതിനാല്‍ ജലത്തിന്റെ അളവ് കൂടാനാണ് സാധ്യത. വളയം: കനത്ത മഴയില്‍ വിലങ്ങാട് വായാട് മലയില്‍ ഉരുള്‍പൊട്ടി ലക്ഷങ്ങളുടെ കൃഷിനാശം. തിങ്കളാഴ്ച രാത്രിയാണ് കണ്ണവം ഫോറസ്റ്റിന്റെ ഭാഗമായ വായാട് മലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. കല്ലുകുളങ്ങര സാബു തോമസ് , കല്ലുകുളങ്ങര ജോസഫ്, ഓലിക്കല്‍ ജോയ്, കുയ്‌തേരി സ്വദേശി സഫിയ , കല്ല് കുളങ്ങര ജോപ്പന്‍, എന്നിവരുടെ കൃഷിയിടങ്ങളാണ് മലവെള്ളപ്പാച്ചിലില്‍ പൂര്‍ണ്ണമായും ഒലിച്ചു പോയത്. സഫിയയുടെ രണ്ടേക്കര്‍ കൃഷിയിടം വന്‍ പാറക്കല്ലുകള്‍ പതിച്ചു കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിച്ചു . മറ്റുള്ളവരുടെ റബര്‍,തെങ്ങ്,തേക്ക്,കവുങ്ങ് കശുമാവ് എന്നീ വിളകളാണ് നശിച്ചത്. ജോയിയുടെ വീട്ടിന്റെ അമ്പത് മീറ്റര്‍ അകലെവരെ പ്രളയ ജലം ഒഴുകിയെത്തിയെങ്കിലും സമീപത്തെ കിടങ്ങിലൂടെ വഴി മാറിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. സമീപത്തെ മലയോരത്ത് കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിക്കുകയും ജല സംഭരണികള്‍ കവിഞ്ഞൊഴുകുകയുമാണ് . മലമുകളില്‍ ഉറവ വര്‍ധിച്ചതും വെള്ളം താഴേക്ക് കുത്തിയൊലിക്കുന്നതും വര്‍ധിച്ചതോടെ മേഖലയിലെ മലയോരത്ത് താമസിക്കുന്നവരും ഭീതിയോടെയാണ് കഴിയുന്നത്. പലസ്ഥലങ്ങളിലും കൂറ്റന്‍ ഉരുളന്‍ കല്ലുകള്‍ ഇളകി നില്‍ക്കുന്ന തിനാല്‍ ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. ഉരുള്‍പൊട്ടിയ സ്ഥലത്ത് പത്തോളം വീടുകളാണുള്ളത് . ഇവരെ മാറ്റി പാര്‍പ്പിക്കുകയോ സുരക്ഷാ ഒരുക്കാനോ അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.