വിദേശസഞ്ചാരികള്‍ കേരളം ഒഴിവാക്കി ശ്രീലങ്കയിലേക്ക്

Tuesday 19 September 2017 9:28 pm IST

കോട്ടയം: ബാറുകള്‍ തുറന്ന് കൊടുത്തതിന് ശേഷമുളള പുതിയ വിനോദ സഞ്ചാര സീസണിന്റെ തുടക്കത്തില്‍ വിദേശ സഞ്ചാരികള്‍ക്ക് തണുപ്പന്‍ പ്രതികരണം. മുന്‍ വര്‍ഷത്തേതിന് സമാനമായിട്ടാണ് വിദേശികളുടെ ബുക്കിംഗ്. ഇതോടെ പുതിയ സീസണില്‍ മദ്യനയം പരീക്ഷണമായിരിക്കുകയാണ്. ഏറ്റവും തിരക്കേറിയ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ എത്തേണ്ട സഞ്ചാരികളുടെ എണ്ണമാണ് ഉയരാത്തത്. കാലേക്കൂട്ടി യാത്രാ പദ്ധതി തയ്യാറാക്കി വരുന്ന ഇത്തരം സഞ്ചാരികളാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്. ഒരു വര്‍ഷം മുമ്പേ ബുക്ക് ചെയ്തുവരുന്ന ഇങ്ങനെയുള്ള സഞ്ചാരികളില്‍ നല്ലൊരു വിഭാഗം ശ്രീലങ്കയിലേക്കാണ് പോകുന്നത്. കേരളത്തിലെ റോഡുകളിലെ യാത്രാ ക്ലേശവും അടിക്കടിയുള്ള ഹര്‍ത്താലും കാരണം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കേരളത്തിന്റെ തന്നെ സമാന കാലാവസ്ഥയുള്ള ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായാണ് വിവരം. സപ്തംബര്‍ 1 മുതലാണ് പുതിയ വിനോദ സഞ്ചാര സീസണ് തുടക്കമായത്. മദ്യനയം മാറിയതിന് ശേഷമുള്ള ആദ്യ സീസണ്‍ കൂടിയാണിത്. സഞ്ചാരികളുടെ എണ്ണം കൂടിയില്ലെങ്കില്‍ മദ്യനയത്തെ ന്യായീകരിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും. എന്നാല്‍ മൂന്നാര്‍, കുമരകം, ആലപ്പുഴ, വയനാട് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പതിവ് തിരക്ക് മാത്രമാണുള്ളത്. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തുന്ന സഞ്ചാരികളുടെ ബുക്കിംഗില്‍ വര്‍ദ്ധന ദൃശ്യമായിട്ടില്ലെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. എന്നാല്‍ പൂജ അവധിയോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ആഭ്യന്തര സഞ്ചാരികളുടെ തിരക്ക് നല്ലതുപോലെയുണ്ട്. വിദേശ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ മനം മടിപ്പിക്കുന്നത് യാത്രാ ക്ലേശമാണെന്ന് അവരുടെ യാത്ര കഴിഞ്ഞ് മടങ്ങുന്ന സഞ്ചാരികളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്ന സഞ്ചാരിക്ക് തടസ്സങ്ങളില്ലാതെ മൂന്നാറിലോ കുമരകത്തോ എത്തുന്നത് അസാധ്യമാണ്. ഹര്‍ത്താല്‍ ദിനത്തില്‍ എത്തുന്ന സഞ്ചാരികള്‍ ഇനി കേരളത്തിലേക്ക് ഇല്ലെന്നും പറഞ്ഞാണ് മടങ്ങുന്നത്. ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയിട്ട് ഹോട്ടല്‍ മുറിയില്‍ കഴിച്ച് കൂട്ടുന്നതിനെതിരെ രൂക്ഷമായ ഭാഷയിലാണ് സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തുന്നതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കി. അതേസമയം ഉയര്‍ന്ന ശുചിത്വനിലവാരവും കുറഞ്ഞ വിമാന യാത്രാനിരക്കും പ്രഖ്യാപിച്ചാണ് ശ്രീലങ്ക വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. റോഡ് ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സഞ്ചാരികള്‍ക്കുണ്ട്. സീ പ്ലെയിനിലാണ് കരയില്‍ നിന്ന് കടലില്‍ ഉല്ലാസത്തിനായി സഞ്ചാരികളെ എത്തിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഈ പദ്ധതി സര്‍ക്കാര്‍ പാടേ ഉപേക്ഷിച്ചു. കേരളത്തില്‍ മദ്യമില്ലാത്തത് മൂലമാണ് സഞ്ചാരികള്‍ കുറയുന്നതെന്ന കാരണം നിരത്തി ബാറുകള്‍ തുറന്ന് കൊടുക്കുകയാണ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.