ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്

Tuesday 19 September 2017 9:35 pm IST

കല്‍പ്പറ്റ: സപ്തംബര്‍ ഒന്‍പതിന് കല്‍പ്പറ്റയില്‍ നടന്ന ജെഡിഎസ് വയനാട് ജില്ലാ കണ്‍വെന്‍ഷനില്‍ ജനതാദള്‍ മന്ത്രിക്കെതിരെ പരസ്യമായി ആഞ്ഞടിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ചന്ദ്രകുമാറിനെതിരെ ദേശീയ നേതൃത്വത്തിന്റെ നടപടി. ചന്ദ്രകുമാറിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് നീക്കം ചെയ്തതായി ദേശീയ പ്രസിഡന്റ് എച്ച്.ഡി.ദേവഗൗഡ അറിയിച്ചു. ഈ മന്ത്രിയെകൊണ്ട് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഒരു ഗുണവുമില്ലെന്നും സംസ്ഥാന നേതാക്കളെപോലും മന്ത്രി മാനിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരാണ് വകുപ്പ് ഭരിക്കുന്നതെന്നും ചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. നമൂക്ക് ഇങ്ങനെയൊരു മന്ത്രി വേണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വാര്‍ത്ത ജന്മഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനതാദള്‍ എസ് വയനാട് ജില്ലാ കണ്‍വന്‍ഷനില്‍ മന്ത്രി മാത്യു. ടി. തോമസിനെ അപമാനിക്കും വിധം പ്രസംഗിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ചന്ദ്രകുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗം രംഗത്തെത്തിയിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി നീലലോഹിതദാസിനെ അനുകൂലിക്കുന്ന വിഭാഗവൂം മന്ത്രി അനുകൂലികളുമാണ് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടിയുടെ അറിവോടെയാണ് മന്ത്രിക്കെതിരായ നീക്കമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളം മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജമീല പ്രകാശത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് അന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട നേതാവാണ് ചന്ദ്രകുമാര്‍. പിന്നീട് കൃഷ്ണന്‍കുട്ടി പ്രസിഡന്റായതോടെ അദ്ദേഹം സംസ്ഥാന ജനറല്‍ സെക്രട്ടറി ആയി തിരിച്ചെത്തി. പുതിയ സംഭവവികാസത്തോടെ ദേശീയ പ്രസിഡന്റിനെ അംഗീകരിക്കില്ലെന്ന വാദവുമായി മറുപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അച്ചടക്ക നടപടികളും സ്വീകാര്യമല്ലെന്നാണ് അവരുടെ വാദം. ഇതോടെ ജെഡിഎസ് പിളര്‍പ്പിലേക്കെത്തി. ഈ വിഭാഗം വീരേന്ദ്രകുമാറിന്റെ ജെഡിയുമായി സഹകരിക്കുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.