കല്ലാര്‍കുട്ടി ഡാമിലേക്ക് റോഡ് ഇടിഞ്ഞുവീണു

Tuesday 19 September 2017 9:39 pm IST

അടിമാലി(ഇടുക്കി): കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്ന് ദേശീയപാതയുടെ ഒരുഭാഗം ഡാമിലേക്ക് ഇടിഞ്ഞുവീണു. വഴിവക്കില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് കടകള്‍ അണക്കെട്ടിലേക്ക് പതിച്ചു . ഇവിടെ കച്ചവടം നടത്തിയിരുന്ന വാഴയില്‍ ശശി, വാഴേപ്പറമ്പില്‍ സ്‌ക്കറിയ എന്നിവരുടെ കടകളാണ് ഡാമിലേക്ക് വീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ചെറിയതോതില്‍ റോഡരികില്‍ വിള്ളല്‍ വീണിരുന്നു. കനത്തമഴയില്‍ വിള്ളലിലൂടെ വെള്ളമിറങ്ങി കല്‍ക്കെട്ടടക്കം ഡാമിലേക്ക് പതിക്കുകയായിരുന്നു. അപകടം ഉണ്ടാകാനിടയുണ്ടെന്ന് മനസിലാക്കിയ ശശി നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെ കടയിലെ സാധനങ്ങള്‍ സമീപത്തെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. ഇടുക്കി ഭാഗത്തേക്കും പണിക്കന്‍കുടി മേഖലകളിലേക്കുമായി ചെറുതും വലുതുമായ നൂറ്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. മൂന്ന് വര്‍ഷം മുമ്പുണ്ടായ കാലവര്‍ഷക്കെടുതിയില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞ് ഡാമിലേക്ക് വീണിരുന്നു. വീടുകളും കച്ചവട സ്ഥാപനങ്ങളും അപകടത്തില്‍ പെട്ടിരുന്നു. വീണ്ടും പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. വാഹനങ്ങള്‍ കടന്ന് പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.