പ്രതിഷേധം ശക്തം; ക്ഷേത്രത്തില്‍ നിന്ന് ഡിവൈഎഫ്‌ഐ കൊടി മാറ്റി

Tuesday 19 September 2017 9:40 pm IST

ചെങ്ങന്നൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പുലിയൂര്‍ പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഗോപുരങ്ങളില്‍ ഡിവൈഎഫ്‌ഐ കൊടി കെട്ടിയതിനെതിരെ പ്രതിഷേധം ശക്തം. സംഭവം വിവാദമായതോടെ ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ കൊടി അഴിച്ചു മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സിപിഎം മാന്നാര്‍ ഏരിയ കമ്മറ്റി അംഗം പ്രദീപ്, പുലിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ്, കടന്‍മാവ് സ്വദേശി അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്ര ഗോപുരങ്ങള്‍ക്ക് മുകളില്‍ ഡിവൈഎഫ്‌ഐയുടെ കൊടി കെട്ടിയത്. സംഭവം വിവാദമായതോടെ കൊടി മാറ്റണമെന്ന് ക്ഷേത്രം മാനേജര്‍ നിര്‍ദ്ദേശിച്ചിട്ടും അഴിച്ചു മാറ്റാന്‍ നേതാക്കള്‍ തയ്യാറായില്ല. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഉപദേശക സമിതി അടിയന്തര യോഗം ചേര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ ക്ഷേത്ര പരിസരത്ത് കെട്ടാന്‍ അനുവദിക്കില്ലെന്ന് യോഗം പ്രമേയം പാസാക്കി. നിലവിലെ കൊടി അഴിച്ചു മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് കൊടി അഴിച്ചുമാറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.