വനിതാ സംവരണ ബില്‍ പാസാക്കാന്‍ കേന്ദ്രം

Tuesday 19 September 2017 10:37 pm IST

ന്യൂദല്‍ഹി: പ്രാദേശിക പാര്‍ട്ടികളുടെ എതിര്‍പ്പും കോണ്‍ഗ്രസിന്റെ താത്പ്പര്യക്കുറവും മൂലം പാസാക്കാതിരുന്ന വനിതാ സംവരണ ബില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പായി ബില്‍ ലോക്‌സഭയില്‍ പാസാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന. ഇരുപത് വര്‍ഷം പഴക്കമുള്ള ബില്‍ രാജ്യസഭ പാസാക്കിയെങ്കിലും ലോക്‌സഭയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാസാക്കാതെ മാറ്റുകയായിരുന്നു. പ്രതിപക്ഷമായ ബിജെപിയുടെ പരിപൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടും ലോക്‌സഭയില്‍ ബില്‍ പാസാക്കിയെടുക്കാന്‍ യുപിഎ സര്‍ക്കാരും കോണ്‍ഗ്രസും വലിയ താത്പ്പര്യം കാണിക്കാതെ വന്നതോടെയാണ് ബില്‍ വിസ്മൃതിയിലായത്. രാജ്യസഭ പാസാക്കിയതിനാല്‍ ബില്‍ റദ്ദായിട്ടില്ല. ഭരണഘടനാ ഭേദഗതി ബില്ലായാണ് രാജ്യസഭ വനിതാ സംവരണ ബില്‍ പാസാക്കിയിരിക്കുന്നത്. ലോക്‌സഭയ്ക്ക് പുറമേ പകുതിയിലേറെ സംസ്ഥാന നിയമസഭകളുടെ അംഗീകാരവും ബില്ലിനാവശ്യമാണ്. സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനോട് വലിയ എതിര്‍പ്പാണ് 2010ല്‍ കാണിച്ചത്. 1999, 2002 വര്‍ഷങ്ങളിലും വാജ്‌പേയി സര്‍ക്കാര്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചു. 2008ല്‍ മന്‍മോഹന്‍ സര്‍ക്കാരും ഒരു തവണ ശ്രമിച്ചു. രണ്ടാം പരിശ്രമത്തിലാണ് ബിജെപിയുടെ പിന്തുണയോടെ രാജ്യസഭയില്‍ ബില്‍ പാസായത്. ഇടതു പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.