മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍; ക്യാമ്പയിന്‍ ഒക്‌ടോബര്‍ 3 മുതല്‍ 

Tuesday 19 September 2017 10:43 pm IST

കണ്ണൂര്‍: ആരോഗ്യമുള്ള യുവതലമുറയെന്ന ലക്ഷ്യവുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടത്തുന്ന മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഒക്‌ടോബര്‍ 3 മുതല്‍ ആരംഭിക്കും. ജില്ലയില്‍ 5,93,129 കുട്ടികള്‍ക്കാണ് ഇത്തവണ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അധ്യാപകരുടെ സഹകരണത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ നടക്കുക. ഇതിനായി ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. അധ്യാപകര്‍ക്കുള്ള പരിശീലനം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. 9 മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ അവധിയാകുന്ന കുട്ടികളുടെ ലിസ്റ്റ് നല്‍കുന്നതിന് സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ടാക്‌സ് ഫോഴ്‌സ് യോഗം നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ കുത്തിവയ്പ്പ് എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ക്കും പിന്നീടുള്ള ആഴ്ചകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കും. രാജ്യമൊട്ടാകെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റൂബല്ല വാക്‌സിന്‍ നല്‍കുന്നതിന് ആരെങ്കിലും വിസമ്മതിക്കുകയാണെങ്കില്‍ അക്കാര്യം തത്സമയം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി പറഞ്ഞു. ക്യാമ്പിന് മുന്നോടിയായി ബോധവത്കരണ പരിപാടികളും തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഉദ്ഘാടന പരിപാടിയും സംഘടിപ്പിക്കും. ഇതിനുള്ള സൗകര്യമൊരുക്കുന്നതിന് പഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കും. ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പയിന് ശേഷം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ടാക്‌സ് ഫോഴ്‌സ് യോഗം ഒക്‌ടോബര്‍ 11 ന് കലക്ടറുടെ അധ്യക്ഷതയില്‍വീണ്ടും ചേരും. കുട്ടികളില്‍ വയറിളക്കം, ന്യൂമോണിയ, മസ്തിഷ്‌ക്കവീക്കം എന്നിവ മൂലം മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസില്‍സ്(അഞ്ചാംപനി). ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് റൂബല്ല(ജര്‍മന്‍ മീസില്‍സ്) രോഗം ബാധിക്കുന്നത് കാരണം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ബധിരത, ബുദ്ധിമാന്ദ്യം, ഹൃദയവൈകല്യം എന്നിവ ബാധിക്കാറുണ്ട്. കുട്ടികള്‍ക്ക് ഘട്ടം ഘട്ടമായി എം.ആര്‍ വാക്‌സിന്‍ നല്‍കി സംസ്ഥാനത്ത് ആരോഗ്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. 2020 ഓടെ രാജ്യത്ത് മീസില്‍സ് നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 76.55 ലക്ഷം കുട്ടികള്‍ക്കാണ് ഇത്തവണ മീസില്‍സ് റൂബെല്ല വാക്‌സിന്‍ നല്‍കുന്നത്. യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ പി.എം ജ്യോതി ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിശദീകരിച്ചു. ഡപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ ഷാജ് എം.കെ, ഡോ കെ.ടി.രേഖ, ഡോ.എ.ടി.മനോജ്, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞി, പോലീസ്, വിദ്യാഭ്യാസം, സാമൂഹ്യനീതി, പഞ്ചായത്ത്, പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരും നേവല്‍ അക്കാദമി, കേന്ദ്രീയവിദ്യാലയം, സ്വകാര്യ സ്‌കൂള്‍, സി.ബി.എസ്.ഇ സ്‌കൂള്‍ പ്രതിനിധികളും, പരിയാരം, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രതിനിധികളും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.