500 കോടിയുടെ ചിട്ടി തട്ടിപ്പ് ബിജെഡി എംഎല്‍എ അറസ്റ്റില്‍

Tuesday 19 September 2017 10:45 pm IST

ഭുവനേശ്വര്‍: കോടികളുടെ ചിട്ടി തട്ടിപ്പ് കേസില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ എംഎല്‍എ പ്രഭാത് ബിസ്വാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഒഡീഷയിലെ 500 കോടിയുടെ സീഷോര്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ബിസ്വാള്‍ അറസ്റ്റിലായത്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് ബിസ്വാള്‍. സീഷോറിന്റെ പിരമിഡ് പദ്ധതി ചിട്ടി തട്ടിപ്പ് കേസില്‍ പങ്കാളിത്തമുണ്ടെന്ന സംശയത്തില്‍ ഇന്നലെ രാവിലെ കട്ടക്കിലെ വസതിയില്‍ നിന്നാണ് ബിസ്വാളിനെ കസ്റ്റഡിയില്‍ എടുത്തത്. സീഷോര്‍ ഗ്രൂപ്പ് മേധാവി പ്രശാന്ത് ദാഷ് നടത്തിയ ഭൂമി ഇടപാടിലും, പണം ഇരട്ടിപ്പ് പദ്ധതിയായ പിരമിഡിന്റെ മാതൃകയില്‍ 500 കോടി വെട്ടിപ്പ് നടത്തിയതിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അന്വേഷിക്കാന്‍ ഉത്തരവിട്ട 44 കമ്പനികളില്‍ സീഷോറും ഉള്‍പ്പെടും. 2011ല്‍ ബിസ്വാളിന്റെ ഭാര്യ 29.25 ലക്ഷത്തിന് സീഷോര്‍ ഗ്രൂപ്പ് മേധാവിക്ക് സ്ഥലം വിറ്റിരുന്നു. അതിനുമാസങ്ങള്‍ക്കുശേഷം സീഷോര്‍ ഗ്രൂപ്പ് ഈ ഭൂമി ഇടപാടില്‍ നിന്ന് പിന്മാറി. എന്നാല്‍ ബിസ്വാളിന്റെ ഭാര്യ കൈപ്പറ്റിയ പണം തിരിച്ച് നല്‍കിട്ടില്ലെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്. പണം തിരിച്ചുനല്‍കിയതായി സീഷോര്‍ രേഖകളില്‍ പറയുന്നുണ്ടെങ്കിലും ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനിടെ നവീന്‍ പട്‌നായിക് സര്‍ക്കാരില്‍ അഴിമതിയുള്ളതായി മനപ്പൂര്‍വ്വം വരുത്തി തീര്‍ക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഈ കേസെന്ന് ബിജെഡി ആരോപിച്ചു. അര്‍ത്ഥ തത്വ ചിട്ടി തട്ടിപ്പ് കേസില്‍ ബങ്കി എംഎല്‍എ ത്രിപാഠി നവ ദിഗന്ത ചിട്ടി തട്ടിപ്പ് കേസില്‍ മയൂര്‍ഭഞ്ജ് എംപി രാമചന്ദ്ര ഹന്‍സ്ദഹ് മുന്‍ കിയോഝാര്‍ എംഎല്‍എ സുബര്‍ണ നാവിവിധ ചിട്ടി തട്ടിപ്പ്് കേസുകളില്‍ സിബിഐ അറസ്റ്റിലായിരുന്നു. ഇതുകൂടാതെ ബലാസോര്‍ എംപി രബീന്ദ്ര ജേന, ധരംശാല എംഎല്‍എ പ്രണബ് ബലബന്ദരായ്, മുന്‍ മന്ത്രി സഞ്ജയ് ദാസ് ബുര്‍മ എന്നിവരും ചിട്ടി തട്ടിപ്പ് കേസുകളില്‍ അറസ്റ്റിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.