രാംദേവ് മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

Tuesday 19 September 2017 10:53 pm IST

കരുനാഗപ്പള്ളി: അമൃതപുരിക്ക് യോഗദര്‍ശനം പകര്‍ന്ന് ബാബാരാംദേവ്. യോഗാചാര്യന്‍ ബാബാ രാംദേവിന്റെ അമൃതാനന്ദമയീമഠത്തിലെ സന്ദര്‍ശനം അന്തേവാസികള്‍ക്കും അമൃതസര്‍വകലാശാലാവിദ്യാര്‍ഥികള്‍ക്കും നവ്യാനുഭവമായി. അമ്മയുമൊത്ത് വേദി പങ്കിട്ട ബാബ, മഠത്തിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. കുറച്ചുസംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മഹത്‌വ്യക്തിത്വമാണ് അമ്മയുടേതെന്ന് ബാബാ പറഞ്ഞു. ഭാവിതലമുറയെ സഹായിക്കാനായി എന്ത് ചെയ്യണമെന്ന് നേരത്തെ താന്‍ അമ്മയോടു ചോദിച്ചിരുന്നു. ആധുനികശാസ്ത്രവും പുരാതന ഭാരതീയശാസ്ത്രവും സമന്വയിപ്പിച്ചാല്‍ നന്നായിരിക്കുമെന്നായിരുന്നു മറുപടി. ആത്മീയതയും ശാസ്ത്രവും ഒരുമിച്ചുകൊണ്ടു പോകാനാണ് അമ്മ ആഗ്രഹിക്കുന്നത്. ഈ ദിശയില്‍ ഇതിനോടകം തന്നെ തന്റെ ആയുര്‍വേദസ്ഥാപനത്തിലൂടെ പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാഷ, ജാതി, മതം തുടങ്ങിയ അതിര്‍വരമ്പുകളില്ലാതെ എല്ലാവരെയും തുല്യരായി കാണുക എന്നതാണ് അമൃതാനന്ദമയിമഠം അനുവര്‍ത്തിക്കുന്നതെന്ന് ബാബ ചൂണ്ടിക്കാട്ടി. അമൃതാനന്ദമയിമഠം ജനറല്‍സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ബാബാരാംദേവിനെ ഹാരാര്‍പ്പണം ചെയ്തുസ്വീകരിച്ചു. ആദ്യമായാണ് അമൃതാനന്ദമയിദേവിയും ബാബാരാംദേവുമായി കൂടിക്കാഴ്ച നടത്തുന്നത്. അമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് രാംദേവ് ആശ്രമം അന്തേവാസികളോടും അമൃതസര്‍വകലാശാലാവിദ്യാര്‍ഥികളോടും യോഗയുടെ ആരോഗ്യവശങ്ങള്‍ വിവരിക്കുകയും പ്രാണായാമത്തിന്റെ പ്രത്യേകതകളും ചില യോഗവിദ്യകളും സദസ്സിന്റെ മുന്‍പില്‍ പങ്കുവെക്കുകയുംചെയ്തു. തുടര്‍ന്ന് മാതാഅമൃതാനന്ദമയിദേവി ബാബാരാംദേവിന് നന്ദി അറിയിച്ച് സരസ്വതീവിഗ്രഹമാതൃകയിലുള്ള ശില്പം സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.