സെന്‍കുമാറിനോട് പ്രതികാരം തീര്‍ക്കാന്‍ തുലച്ചത് 20 ലക്ഷം!

Wednesday 20 September 2017 12:00 am IST

തിരുവനന്തപുരം: ഡോ.ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 20.14 ലക്ഷം രൂപ. കോടതി ഫീസായും അഭിഭാഷകര്‍ക്ക് നല്‍കിയ ഫീസിനത്തിലുമാണ് ഈ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നു നല്‍കേണ്ടി വരുന്നത്. സെന്‍കുമാറിനെതിരെ ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ, പിന്നീട് സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി, ഇതിനൊക്കെ സര്‍ക്കാര്‍ അഭിഭാഷകനെ കൂടാതെ പുറത്ത് നിന്നുള്ള അഭിഭാഷകരെ കൂടി നിയമിച്ചതിനാലാണ് വലിയൊരു തുക ഫീസിനത്തില്‍ വരുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്‍ ജി.പ്രകാശിനെ കൂടാതെ ജയ്ദീപ് ഗുപ്ത, പി.പി. റാവു, സിദ്ധാര്‍ത്ഥ് ലൂത്ര, ഹരീഷ് എന്‍. സാല്‍വെ എന്നിവരായിരുന്നു കോടതിയില്‍ ഹാജരായത്. 19,90,000 രൂപ അഭിഭാഷകരുടെ ഫീസിനത്തില്‍ നല്‍കണം. കോടതി ചെലവുകള്‍ക്ക് 24,560 രൂപ. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് പുറത്തുനിന്നുള്ള മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ച് കേസ് വാദിച്ചത്. എന്നാല്‍, സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തോറ്റു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നു നീക്കി പകരം ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചു. ഇതിനെതിരെ ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ സെന്‍കുമാര്‍ നിയമയുദ്ധം നടത്തി. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന് വിധിച്ചെങ്കിലും സര്‍ക്കാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഇതിലും പുറത്തു നിന്നുള്ള അഭിഭാഷകനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. സുപ്രീംകോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതിനെത്തുടര്‍ന്നാണ് സെന്‍കുമാറിനെ വീണ്ടും ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.