ദിലീപിനെതിരെ കുറ്റപത്രം എട്ടിന്; പ്രധാന തെളിവില്ലാതെ പോലീസ്

Wednesday 20 September 2017 7:27 pm IST

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ രണ്ടാം കുറ്റപത്രം ഒക്‌ടോബര്‍ എട്ടിന് സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. അറസ്റ്റിലായി 90 ദിവസത്തിനുമുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് ജാമ്യം കിട്ടാന്‍ സാധ്യതയുണ്ട്. ഇതു കണക്കിലെടുത്താണ് പോലീസിന്റെ നീക്കം. എന്നാല്‍, തെളിവുകള്‍ മുഴുവനും കിട്ടിയിട്ടുണ്ടോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായില്ല. ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് പലവട്ടം ജാമ്യാപേക്ഷയുമായി വിവിധ കോടതികളെ സമീപിച്ചിരുന്നു. എന്നാല്‍, ഒരിടത്തും ജാമ്യം നല്‍കിയില്ല. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ദിലീപ് വീണ്ടും ജാമ്യം തേടിയെത്തിയിരുന്നു. എന്നാല്‍, എന്തിന് വീണ്ടും ജാമ്യാപേക്ഷയുമായി എത്തി എന്നാണ് കോടതി ചോദിച്ചത്. ഈ ജാമ്യാപേക്ഷ 26ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കേസിലെ നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങല്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷവും അന്വേഷണം തുടരുമെന്നാണ് പോലീസ് പറയുന്നത്. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നിവ ചുമത്തിയാവും കുറ്റപത്രം. കൂടാതെ മറ്റ് പത്തോളം കുറ്റങ്ങളും ദിലിപിനെതിരെ ചുമത്തുമെന്നാണ് സൂചന. പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കിയാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ. പ്രതീഷ് ചാക്കോ, ജൂനിയറായ രാജു ജോസഫ് എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. പോലീസിന് ലഭിച്ച മൊഴികളും തെളിവുകളും കൂട്ടിയിണക്കിയാണ് കുറ്റപത്രം തയ്യാറാക്കുന്നത്. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടാത്തതിനാല്‍ കുറ്റപത്രം നല്‍കുന്നത് വൈകരുതെന്ന അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് ഈ നീക്കം.