ബന്ധു നിയമന കേസ്; ജയരാജനെ രക്ഷിക്കുന്നു

Wednesday 20 September 2017 11:22 pm IST

തിരുവനന്തപുരം: മുന്‍മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധു നിയമന കേസ് അവസാനിപ്പിക്കുന്നു. അതിന്റെ ഭാഗമായി കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സിന് നിയമോപദേശം നല്‍കി. കേസില്‍ തെളിവില്ലാത്തതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നും അന്വേഷണം അവസാനിപ്പിക്കാമെന്നുമാണ് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന്റെ നിയമോപദേശം. അന്വേഷണം അവസാനിപ്പിക്കുന്നത് ചൂണ്ടിക്കാണിച്ചുള്ള റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിക്കും. സ്വജനപക്ഷപാതം, അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കണ്ടെത്തിയായിരുന്നു ബന്ധുനിയമനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ജേക്കബ് തോമസായിരുന്നു അന്ന് വിജിലന്‍സ് ഡയറക്ടര്‍. അദ്ദേഹം വിജിലന്‍സില്‍നിന്നു മാറിയതിനു പിന്നാലെ കേസും ഇഴഞ്ഞുനീങ്ങി. എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട് ആര്‍ക്കും സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരില്ലെന്നും വിജിലന്‍സ് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് നേരത്തെ ഹൈക്കോടതിയെയും അറിയിച്ചിരുന്നു. വിജിലന്‍സ് ഇ.പി ജയരാജനും പി.കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരും അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതേതുടര്‍ന്നാണ് ജയരാജന്‍ മന്ത്രി സ്ഥാനം രാജിവച്ചത്. മന്ത്രിസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്നില്ല ബന്ധുനിയമനവുമായി ബന്ധപ്പെട്ട് താന്‍ ചെയ്തതില്‍ നിയമവും ചട്ടവും അനുസരിച്ച് തെറ്റില്ലെന്നും മന്ത്രിസ്ഥാനം തിരിച്ചുകിട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. നിരപരാധിത്വം ജനങ്ങളേയും പാര്‍ട്ടിയേയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. കേന്ദ്രകമ്മിറ്റി ചേര്‍ന്ന ദിവസമാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറ്റക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചനയല്ലാതെ മറ്റെന്താണ്. തനിക്കെതിരെ കേസെടുത്ത ജേക്കബ് തോമസിനെ ഇന്നുവരെ ഫോണില്‍ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല, ജയരാജന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.