നവരാത്രി വിഗ്രഹങ്ങള്‍ക്ക് അതിര്‍ത്തിയില്‍ പ്രൗഢഗംഭീര വരവേല്‍പ്പ്

Wednesday 20 September 2017 2:44 pm IST

പാറശ്ശാല: ആചാരപ്പഴമയുടെ പല്ലക്കേറിയെത്തിയ നവരാത്രി വിഗ്രഹങ്ങള്‍ക്ക് സംസ്ഥാനിര്‍ത്തിയില്‍ പ്രൗഢഗംഭീരമായ വരവേല്‍പ്പ്. കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലെ വിശ്രമത്തിനുശേഷം ഇന്നലെ രാവിലെ ആരംഭിച്ച ഘോഷയാത്ര ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കളിയിക്കാവിളയിലെ സ്വീകരണ മണ്ഡപത്തിലെത്തിയത്. കെട്ടിലും മട്ടിലും രാജഭരണത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയെത്തിയ ഘോഷയാത്രയെ സ്വീകരിക്കാന്‍ രാവിലെ മുതല്‍ ആയിരങ്ങളെത്തിയിരുന്നു. കേരള-തമിഴ്‌നാട് പോലീസുകള്‍ നല്കിയ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങിയാണ് ഘോഷയാത്ര കേരളത്തിലേക്ക് കടന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിജെപി ദേശീയ കൗണ്‍സിലംഗം കരമന ജയന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രഭാകരന്‍, സര്‍ക്കാരിനെ പ്രതിനിധികരിച്ച് എം. വിന്‍സെന്റ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് തട്ടം വാങ്ങി ഘോഷയാത്രയെ സ്വീകരിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍, നഗരവികസന സമിതി ചെയര്‍മാന്‍ ഓലത്താന്നി അനില്‍, മഞ്ചന്തല സുരേഷ്, കൊല്ലയില്‍ അജിത്ത്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വീകരണങ്ങളേറ്റുവാങ്ങി പാറശ്ശാല മഹാദേവ ക്ഷേത്രത്തിലെത്തിയ ഘോഷയാത്ര ഉച്ചവിശ്രമത്തിനു ശേഷം മൂന്നു മണിയോടെ നെയ്യാറ്റിന്‍കരയ്ക്ക് പുറപ്പെട്ടു. അയ്യപ്പസേവാസംഘം, നവരാത്രി സേവാസമിതി, ഹിന്ദുഐക്യവേദി തുടങ്ങിയ സംഘടനകള്‍ ഘോഷയാത്രയക്ക് അകമ്പടി സേവിച്ചു. രാത്രിയോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ തങ്ങിയ ശേഷം ഇന്ന് രാവിലെ ഘോഷയാത്ര നഗരത്തിലേക്കു തിരിക്കും. സരസ്വതീദേവിയെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.