വയോധികയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Wednesday 20 September 2017 5:26 pm IST

തൃശൂര്‍: വയോധികയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ഒടുവത്തൊടി പരേതനായ ചന്ദ്രനെഴുത്തച്ഛന്റെ ഭാര്യ കല്ല്യാണിയമ്മയെയാണ് (70) മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലാക്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തുള്ള പറമ്ബിലാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിളക്ക് കഴുകാന്‍ ക്ഷേത്രത്തില്‍ പോയ സ്ത്രീയാണ് രാവിലെ 10 മണിയോടെ മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ സംഭവം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റാണ് കല്യാണിയമ്മയുടെ മരണമെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ശരീരത്തിലെ ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ ഇവരെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കല്ല്യാണിയമ്മ ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നതെന്നാണ് നാട്ടുകാര്‍ പറഞ്ഞു. ഇവരുടെ മക്കള്‍ വേറെയാണ് താമസിക്കുന്നത്. രണ്ടു ദിവസമായി കല്ല്യാണിയമ്മയെ കാണാനില്ലായിരുന്നു. മകന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.