കോടികളുടെ കള്ളപ്പണം: 'സത്യ'വാന്‍ കുടുങ്ങി

Wednesday 20 September 2017 6:04 pm IST

ന്യൂദല്‍ഹി: പേര് സത്യ വീര കതാര. പക്ഷെ കാണിക്കുന്നതെല്ലാം കള്ളത്തരം. ഒടുവില്‍ ദല്‍ഹി പോലീസിലെ ഡപ്യൂട്ടി കമ്മീഷണറായ സത്യ വീര കതാരക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങി. 400 കോടിയുടെ അവിഹിത സ്വത്തു കേസിലാണ് പോലീസിലെ ലൈസന്‍സിങ്ങ് വിഭാഗം ഉദ്യോഗസ്ഥന്‍ കുടുങ്ങിയത്. ഭാര്യയുടേയും ബന്ധുക്കളുടെയും പേരില്‍ 17 വ്യാജ കമ്പനികളുണ്ടാക്കി അവയുടെ പേരിലാണ് പണം നിക്ഷേപിച്ചിരുന്നത്. കതാര വരവില്‍ കവിഞ്ഞ് കോടികളുടെ സ്വത്ത് സമ്പാദിച്ചതായി കാട്ടി ആദായ നികുതി വകുപ്പിനും സിബിഐക്കും പരാതി ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ക്ക് 400 കോടിയോളം രൂപയുടെ അവിഹിത സ്വത്തുണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇയാളും ഭാര്യയും വന്‍തോതില്‍ നികുതി വെട്ടിച്ചതായും സ്ഥാവര സ്വത്തുകള്‍ വാങ്ങിക്കൂട്ടിയതായും വ്യാജ രേഖകളുണ്ടാക്കി അമേരിക്കയിലും മറ്റും കോടികള്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു. കണ്ണായ സ്ഥലങ്ങളില്‍ ഇവര്‍ക്ക് പത്തിലേറെ വസ്തുക്കളുണ്ട്. മുന്‍ ഹരിയാന എംപിയുമായും ചില ബിസിനസുകാരുമായും ഇയാള്‍ക്ക്് അടുത്ത ബന്ധമുണ്ട്. സ്വത്ത് വാങ്ങിക്കൂട്ടാന്‍ ഇവര്‍ ഇയാളെ സഹായിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെ നിഗമനം. കതാരയുടെ അടുത്ത ബന്ധുക്കള്‍ അഞ്ചിലേറെ കമ്പനികളുടെ ഡയറക്ടര്‍മാരാണ്, ഓഹരികളുണ്ട്. അമേരിക്കയിലെ മാന്‍ഹാട്ടനില്‍ ടൈം സ്‌ക്വയറിനടുത്തുള്ള ഹക്കീമാന്‍ ഹോട്ടല്‍സിലെ 60 നികേ്ഷപകരില്‍ ഒരാള്‍ കതാരയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. നൂറു കോടി ഡോളറാണ് ഇയാള്‍ക്ക് ഇതിലുള്ള മുതല്‍ മുടക്ക്. ദല്‍ഹിയില്‍ പടുകൂറ്റന്‍ ഫാം ഹൗസും അവിടെ 50 ലേറെ പശുക്കളും ഇയാള്‍ക്കുണ്ട്. ഗ്രേറ്റര്‍ കൈലാസ്, ബിജ്‌വാസന്‍, നോയ്ഡ, അലഹബാദ് , സൂരജ്കുണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ക്ക് ഭൂമിയും സ്വത്തുമുണ്ട്. ബിഎംഡബ്യൂ, ഓഡി ആഡംബര കാറുകളും ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുമുണ്ട്. പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.