ദേരാ ആസ്ഥാനത്തെ 14 കമ്പനികള്‍ പൂട്ടി; തൊഴിലാളികള്‍ വഴിയാധാരമായി

Thursday 21 September 2017 12:22 am IST

പഞ്ചകുല; മാനഭംഗക്കേസുകളില്‍ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് രാം റഹീം സിങ്ങ് ജയിലിലായതോടെ പഞ്ചകുലയിലെ ദേരാ ആസ്ഥാനം അനാഥാവസ്ഥയില്‍. ഇവിടെ 800 കോടിയുടെ വിറ്റുവരവുള്ള 14 കമ്പനികളാണ് പൂട്ടിയത്. നൂറു കണക്കിന് ജീവനക്കാര്‍ അതോടെ തൊഴിലില്ലാതായി. ചലച്ചിത്ര നിര്‍മ്മാണം,വസ്ത്ര വില്പ്പന, ഇലക്‌ട്രോണിക്സ്, വിത്തുല്പ്പാദനം, കീടനാശിനി നിര്‍മ്മാണം തുടങ്ങിയവില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനികളാണ് പൂട്ടിയത്. ദേര കമ്പനികളില്‍ ദിവസക്കൂലിക്ക് തൊഴിലെടുത്തിരുന്നത് സ്ത്രീകളാണ്. പ്രവര്‍ത്തനം നിലച്ച പല കമ്പനികള്‍ക്കും സിങ്ങുമായി നേരിട്ട് ബന്ധവുമില്ല. പല കമ്പനികളിലും സിങ്ങിന്റെ ബിനാമിയാണ്. ചില കമ്പനികള്‍ വ്യാജമേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതാണ് അവയുടെ പ്രവര്‍ത്തനം നിലയ്ക്കാണ കാരണം. സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം ഇവയില്‍ പണം നിക്ഷേപിച്ചവരും വെള്ളത്തിലായി. പഞ്ചാബിലെ ബര്‍ണാല സ്വദേശി സോംബീര്‍ കുമാര്‍ മൂന്നു കോടിയാണ് ദേരയുടെ സിര്‍സയിലെ എംഎസ്ജി റിസോര്‍ട്ടില്‍ നിക്ഷേപിച്ചത്. സിങ്ങ് ജയിലിലായതോടെ കുമാര്‍ ജീവനൊടുക്കി. അങ്ങനെ സിങ്ങ് പറഞ്ഞതു കേട്ട് പണം മുടക്കിയ നിരവധി പേരാണ് വഴിയാധാരമായത്. മൊത്തം 2000 വനിതകളാണ് ദേരയിലെ സ്ഥാപനങ്ങളില്‍ ജോലിയെടുത്തിരുന്നത്. അതും തുച്ഛമായ കൂലിക്ക്. നൂറ്റന്‍പതു മുതല്‍ ഇരുനൂറു രൂപയ്ക്കു വേരെയാണ് അവര്‍ ഇവിടെ ജോലി ചെയ്തിരുന്നത്. ഇവര്‍ക്കാര്‍ക്കും ഇപ്പോള്‍ തൊഴിലില്ല. മാസം ആറായിരം രൂപ ശമ്പളത്തിനു പുറമേ ഉച്ചക്ക് സൗജന്യമായി ആഹാരം ലഭിച്ചിരുന്നു. ആശ്രമത്തിലെ വാഹനങ്ങളിലാണ് ഞങ്ങളെ കൊണ്ടുവന്നിരുന്നതും മടക്കി വീടുകളില്‍ എത്തിച്ചിരുന്നതും. കുടിവെള്ള പ്‌ളാന്റിലെ റോഷ്‌നി കാഭോജ് പറഞ്ഞു. ഇവിടെ നിന്ന് ലഭിച്ചിരുന്ന ശമ്പളമായിരുന്നു കുടുംബത്തെ പോറ്റിയിരുന്നത്. സരോജാ ദേവി പറഞ്ഞു. എന്റെ മകളുടെ വിവാഹത്തിന് ഞാന്‍ പൈസ സമ്പാദിച്ചുവരികയായിരുന്നു. ഫാക്ടറി പൂട്ടി, എന്റെ പണിയും പോയി. മകളുടെ വിവാഹം... അവര്‍ പൊട്ടിക്കരഞ്ഞു. ദേരസ്ഥാപനങ്ങളിലെ ഉല്പ്പന്നങ്ങള്‍ വിറ്റിരുന്ന കടകളും പൂട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.