അഴിമതി തടയുന്നതില്‍ ആസാം സര്‍ക്കാര്‍ വിജയിച്ചെന്ന് സര്‍വെ

Wednesday 20 September 2017 6:51 pm IST

ഗുവാഹത്തി: അഴിമതി തടയുന്നതില്‍ ആസാമിലെ സര്‍ബാനന്ദ സോണോവാളിന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ വിജയിച്ചതായി സര്‍വെ. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് സര്‍വെ നടത്തിയത്. സര്‍വെയില്‍ പങ്കെടുത്തത്തില്‍ പകുതിയിലേറെപ്പേര്‍ സര്‍ക്കാരിന്റെ മൊത്തത്തിലുളള പ്രവര്‍ത്തനം ശരാശരിയെന്ന് വിലയിരുത്തി. അതേസമയം അഴിമതി തടയുന്നതില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതാണെന്ന് 33 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു. റോഡുകളുടെ വികസനത്തിലും വാര്‍ത്താവിനിമയ രംഗത്തും സര്‍ക്കാര്‍ പിന്നോട്ടുപോയെന്ന് 34 ശതമാനം പേര്‍ അവകാശപ്പെട്ടു. ഊര്‍ജ മേഖയിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് 67 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. സര്‍വെ ഫലം മുഖ്യമന്ത്രിക്ക് നല്‍കിയിതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍വെയിലെ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച് വികസനത്തിനായി മുഖ്യമന്ത്രി തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്ന് അവര്‍ പറഞ്ഞു. അടുത്തവര്‍ഷം ജൂണിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ അഭിപ്രായ സര്‍വെ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.