പേരും യൂണിഫോമും മാറ്റി; പോലീസിലെ എ.ആര്‍- ലോക്കല്‍ സംയോജനം കടലാസില്‍

Wednesday 20 September 2017 7:27 pm IST

ഇടുക്കി: സംസ്ഥാന പോലീസില്‍ എ.ആര്‍-ലോക്കല്‍ സംയോജനം നടപ്പാക്കിയിട്ട് ഏഴ് വര്‍ഷമായെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായില്ല. ജില്ലകളിലെ എ.ആര്‍ ക്യാമ്പുകളിലുള്ള പോലീസുകാരെ ലോക്കല്‍ സ്റ്റേഷനുകളിലേക്ക് കൂടുതലായി നിയമിക്കുന്നതിനാണ് എ.ആര്‍-ലോക്കല്‍ സംയോജനം പ്രഖ്യാപിച്ചത്. 2010 ലാണ് ഇത് സംബന്ധിച്ച് അന്നത്തെ ഇടത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍നടപടികളെടുക്കാതെ യുഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവ് അതേപടി നിലനിര്‍ത്തുകയായിരുന്നു. സംയോജനം നടപ്പാക്കിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു വര്‍ഷം മുന്‍പ് എ.ആര്‍ ക്യാമ്പിലെ യൂണിഫോമായ ബ്രൗണ്‍ ബെല്‍റ്റിന് പകരം ലോക്കല്‍ പോലീസിന്റേതിന് സമാനമായ കറുപ്പ് ബെല്‍റ്റാക്കി. നീലത്തൊപ്പിയില്‍ മഞ്ഞ റിബര്‍ ഉപയോഗിക്കാനും നിര്‍ദ്ദേശം വന്നു. എ.ആര്‍ ക്യാമ്പ് എന്നതിന് പകരം ഡി.എച്ച്.ക്യു (ഡിസ്ട്രിക്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്) എന്ന് പേരുമാറ്റുകയും ചെയ്തു. ഡി.എച്ച്.ക്യു വിലുള്ള പോലീസുകാരുടെ തസ്തിക വിവിധ പോലീസ് സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടിയിരുന്നത്. പോലീസ് സ്റ്റേഷനുകളില്‍ വരുന്ന ഒഴിവ് അനുസരിച്ചാണ് ക്യാമ്പില്‍ നിന്നും പോലീസുകാരെ ലോക്കല്‍ സ്റ്റേഷനുകളിലേക്ക് നിയമിച്ചുകൊണ്ടിരുന്നത്. ഏഴും എട്ടും വര്‍ഷം കാത്തിരുന്നെങ്കില്‍ മാത്രമെ ഇവര്‍ക്ക് ലോക്കല്‍ സ്റ്റേഷനുകളില്‍ നിയമനം ലഭിക്കുമായിരുന്നുള്ളൂ. ഇതുമൂലം പോലീസുകാരുടെ നല്ല പ്രായത്തില്‍ ലോക്കല്‍ സ്റ്റേഷനില്‍ ജോലി നോക്കാനുള്ള അവസരം ചുരുക്കം പേര്‍ക്കേ ലഭിച്ചിരുന്നുള്ളൂ. ഇക്കാരണത്താലാണ് ലോക്കല്‍-എ. ആര്‍ സംയോജനത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. സംയോജനം കൃത്യമായി നടപ്പാക്കിയാല്‍ പോലീസ് സ്റ്റേഷനുകളില്‍ പോലീസുകാരുടെ കുറവ് പരിഹരിക്കാം. ഡി.എച്ച്. ക്യുവിലെ പോലീസുകാരുടെ സീനിയോറിട്ടിയും നേടിയെടുക്കാമായിരുന്നു. ഡി.എച്ച്. ക്യുവിലെ പോലീസുകാരുടെ തസ്തിക പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റാന്‍ തടസം നില്‍ക്കുന്നത് ഉന്നത ഉദ്യോഗസ്ഥരാണെന്ന ആക്ഷേപം ശക്തമാണ്. ഡി.എച്ച്. ക്യുവിലെ പോലീസുകാരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ലോക്കലിലേക്ക് തസ്തിക മാറ്റിയാല്‍ ഇത്തരം ജോലികള്‍ക്ക് പോലീസുകാരെ കിട്ടാതെ വരും. ഇക്കാരണത്താലാണ് എ.ആര്‍-ലോക്കല്‍ സംയോജനം കടലാസില്‍ തന്നെ നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ 17 ഡിഎച്ച്ക്യുവുകളിലായി ആറായിരത്തിലധികം പോലീസുകാര്‍ എ.ആര്‍-ലോക്കല്‍ സംയോജനം പ്രാവര്‍ത്തികമാക്കാത്തതിന്റെ പേരില്‍ വീര്‍പ്പുമുട്ടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.