നാമനിര്‍ദേശപത്രിക നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐയുടെ ക്രൂര മര്‍ദനം

Wednesday 20 September 2017 8:44 pm IST

തിരുവനന്തപുരം: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐയുടെ ക്രൂര മര്‍ദനം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഫെര്‍ട്ടേണിറ്റി മൂവ്‌മെന്റ് എന്ന സംഘടനയെ പ്രതിനിധീകരിച്ച് എത്തിയ സക്കീര്‍, ഷാഹിന്‍, അംഹര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായ പരിക്കേറ്റ സക്കീറിനെ ജനറല്‍ ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാന്‍ എത്തിയവരെ കോളജിനുള്ളില്‍ നിന്നു സംഘടിച്ചെത്തിയ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ നാമനിര്‍ദേശപത്രിക എസ്എഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തി തള്ളിച്ചു. എന്നാല്‍ പത്രിക നല്‍കിയ വിദ്യാര്‍ഥിക്കു മതിയായ ഹാജര്‍ ഇല്ലാത്തതുകൊണ്ട് തള്ളി എന്നാണ് കോളേജ് പിന്നീട് നല്‍കിയ വിശദീകരണം. കഴിഞ്ഞദിവസം എസ്‌സിയുസിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഡിഎസ്സിന്റെ യെമിന്‍ ബിഎസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു നല്‍കിയ നാമനിര്‍ദ്ദേശ പത്രികയും തള്ളിയിരുന്നു. സ്ഥാനാര്‍ഥിയെ പിന്തുണച്ചയാള്‍ ഹാജരായില്ല എന്ന ന്യായം പറഞ്ഞായിരുന്നു അത്.