നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം

Wednesday 20 September 2017 9:02 pm IST

ആലപ്പുഴ: തിന്മയുടെ മേല്‍ നന്മയുടെ വിജയം ഘോഷിക്കുന്ന നവരാത്രി ഉത്സവത്തിനു ഇന്നു തുടക്കം. നവരാത്രിയില്‍ ദേവിയുടെ ഒന്‍പതു ഭാവങ്ങളെ ഒന്‍പതു ദിവസങ്ങളിലായി ആരാധിക്കുന്നു. ദുര്‍ഗാഷ്ടമിയായ 28നു വൈകിട്ടു പൂജവയ്‌പോടെ തുടങ്ങി 29നു മഹാനവമിയില്‍ അടച്ചുപൂജയ്ക്കു ശേഷം 30നു രാവിലെ വിജയദശമിയില്‍ പൂജയെടുപ്പ്, വിദ്യാരംഭം കുറിക്കല്‍ എന്നിവയോടെ ഉത്സവം സമാപിക്കും. ക്ഷേത്രങ്ങളിലും ആധ്യാത്മിക സ്ഥാപനങ്ങളിലും ദേവീ പ്രീതികരങ്ങളായ ചടങ്ങുകള്‍, ദേവീഭാഗവത നവാഹ യജ്ഞം, സരസ്വതീ പൂജ. കുമാരീ പൂജ തുടങ്ങിയവ ഉണ്ടാകും. ക്ഷേത്രങ്ങളില്‍ സംഗീതോത്സവം വിവിധ ക്ഷേത്രങ്ങളില്‍ സംഗീതാരാധന, സംഗീതോത്സവം, സംഗീത വിദ്യാര്‍ഥികളുടെ അരങ്ങേറ്റം എന്നിവ നടക്കും. തിരുവമ്പാടി കിരാതരുദ്ര ക്ഷേത്രത്തില്‍ നവരാത്രി നവാഹ യജ്ഞം നാളെ മുതല്‍ 29 വരെ നടക്കും. മണപ്പുറം ഉദയകുമാറാണ് യജ്ഞാചാര്യന്‍. നാളെ രാത്രി ഏഴിനു ഡോ.എസ്. ഗോമതി ഭദ്രദീപം തെളിക്കും.30നു വിജയദശമി ദിനത്തില്‍ രാവിലെ ഏഴു മുതല്‍ ശ്രീചക്ര പൂജ വൈകിട്ട് 4.30 മുതല്‍ ശ്രീചക്ര നവാവരണ പൂജ ചെങ്ങന്നൂര്‍ ചിന്താമണി ഗൃഹം ആചാര്യ ലതീഷ് മധുസൂദനന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവം 20 ന് ആരംഭിച്ച് 30 ന് സമാപിക്കും. 20 ന് വൈകിട്ട് പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. ഏഴിന് സംഗീതകച്ചേരി. 21 മുതല്‍ 27 തീയതികളില്‍ വൈകിട്ട് ഏഴിന് സംഗീത സദസ്. 28 ന് വൈകിട്ട് 5.30 വിദ്യാമന്ത്രാര്‍ച്ചന, ഏഴിന് സംഗീത സദസ്. 29 ന് വൈകിട്ട് അഞ്ചിന് മഹാനവമി പൂജ, ഏഴിന് സംഗീത സദസ്. 30 ന് രാവിലെ 5.30 ന് ഗണപതിഹോമം, സരസ്വതി പൂജ, തുടര്‍ന്ന് വിദ്യാരംഭം. തന്ത്രി ഡോ. ഷിബു കാരുമാത്ര, മേല്‍ശാന്തി വി.കെ സുരേഷ്, കുമാരന്‍ ശാന്തി, ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബീന, കണിച്ചുകുളങ്ങര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു, റിട്ട. ഹെഡ്മാസ്റ്റര്‍ എ.പി. പൊന്നപ്പന്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കും. വളമംഗലം തെക്ക് ശ്രീവടേക്കുറ്റ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 21മുതല്‍ 30 വരെ നടക്കുമെന്ന് ദേവസ്വം സെക്രട്ടറി പി.ആര്‍.രാജേന്ദ്രന്‍ അറിയിച്ചു. ഗണപതിഹോമം, ദുര്‍ഗ്ഗാ പൂജ, സാരസ്വതാരിഷ്ട ജപം, വിദ്യാരാജ്ഞി പൂജ, സരസരസ്വതി പൂജ, വിശേഷാല്‍ നവരാത്രി പൂജ, പൂജവെയ്പ് ,വിദ്യാരംഭം, ഭജന എന്നിവയുണ്ടാകും.നവഗ്രഹ പൂജയോട് കൂടിയ സൂര്യാരാധന 24 ന് രാവിലെ 8ന് മേല്‍ശാന്തി വാരനാട് സനില്‍ നടത്തും. അമ്പലപ്പുഴ തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം തുടങ്ങി. ഇന്ന് വൈകിട്ട് 7ന് ക്ഷേത്രത്തില്‍ ഒരുക്കിയ നവരാത്രി മണ്ഡപത്തില്‍ ചക്കുളത്ത് കാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം പ്രകാശനം ചെയ്തു. ഉത്സവം 30ന് സമാപിക്കും. 28ന് പൂജവയ്പും 30ന് പൂജയെടുപ്പും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.