ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്; സിന്ധു, സൈന, ശ്രീകാന്ത്, പ്രണോയ് രണ്ടാം റൗണ്ടില്‍

Wednesday 20 September 2017 9:37 pm IST

ടോക്യോ: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, സൈന നെഹ്‌വാള്‍, ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, സമീര്‍ വര്‍മ്മ തുടങ്ങിയവര്‍ ജപ്പാന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിലെത്തി. ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേത്രിയും കഴിഞ്ഞ ദിവസം കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ ജേതാവുമായ പി.വി. സിന്ധു ജപ്പാന്റെ മിനാത്‌സു മിതാനിയെ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ട പോരാട്ടത്തിനുശേഷം 12-21, 21-15,21-17 എന്ന നിലയിലായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയശേഷമാണ് സിന്ധു തിരിച്ചടിച്ച് ജയിച്ചത്. കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍സീരീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും മിനാത്‌സു മിതാനിയെ സിന്ധു തകര്‍ത്തിരുന്നു. രണ്ടാം റൗണ്ടില്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് എതിരാളി, കൊറിയന്‍ സൂപ്പര്‍ സീരിന്റെ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം സിന്ധുവിനൊപ്പമായിരുന്നു. മറ്റൊരു മത്സരത്തില്‍ സൈന നെഹ്‌വാള്‍ തായ്‌ലന്‍ഡിന്റെ പോണ്‍പവീ ചോചുവോങിനെ 21-17, 21-9 എന്ന നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഒളിമ്പിക്‌സ്, മുന്‍ ലോക ചാമ്പ്യന്‍ സ്‌പെയിനിന്റെ കരോലിന മാരിനാണ് സൈനയുടെ അടുത്ത എതിരാളി. പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത് ചൈനയുടെ ടിയാന ഹ്യുവെയെ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 21-15, 12-21, 21-11. എച്ച്.എസ്. പ്രണോയ് ഡെന്മാര്‍ക്കിന്റെ ആന്‍ഡ്രെ അന്റോണ്‍സനെയും സമീര്‍ വര്‍മ്മ തായ്‌ലന്‍ഡിന്റെ ഖോസിത് ഫെറ്റ്പ്രതാപിനെയും തോല്‍പ്പിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറി. അതേസമയം സൗരഭ് വര്‍മ്മ മുന്‍ ലോക ഒന്നാം നമ്പര്‍ ചൈനയുടെ ലിന്‍ ഡാനോടും സായി പ്രണീത് യോഗ്യതാ റൗണ്ട് കടന്നെത്തിയ ദക്ഷിണ കൊറിയയുടെ ലീ ഡോങ് ക്യൂനോടും പരാജയപ്പെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി. പുരുഷ ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യവും രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-ശിഖി റെഡ്ഡി സഖ്യവും ആദ്യ റൗണ്ടില്‍ മടങ്ങിയപ്പോള്‍ മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-രങ്കിറെഡ്ഡി സഖ്യവും പ്രണവ് ചോപ്ര-ശിഖി റെഡ്ഡി കൂട്ടുകെട്ടും രണ്ടാം റൗണ്ടിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.