പിന്നോക്ക മേഖലകളില്‍ ബാങ്കുകള്‍ സജീവമായി ഇടപെടണം: ജില്ലാ കലക്ടര്‍

Wednesday 20 September 2017 10:56 pm IST

കണ്ണൂര്‍: പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലുള്‍പ്പെടെയുള്ള പിന്നോക്ക മേഖലകളില്‍ ബാങ്കിംഗ് സേവനങ്ങള്‍ സജീവമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളനികളില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ പോലുമില്ലാത്ത സഹാചര്യമാണ്. ഇതുകാരണം സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വിധവാപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പലര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലാത്തതാണ് ബാങ്ക് അക്കൗണ്ടിന് തടസ്സം. ഇക്കാര്യത്തില്‍ ആദിവാസി മേഖലയിലുള്ളവര്‍ക്കായി സത്വര നടപടികള്‍ സ്വീകരിക്കാനും പൂര്‍ണമായി ലക്ഷ്യം കൈവരിക്കുന്നതുവരെ ശ്രമങ്ങള്‍ തുടരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ആദിവാസി വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമ്പത്തിക പ്രതിസന്ധിയാണ് പലപ്പോഴും പഠനത്തിന് തടസ്സമായി നില്‍ക്കുന്നത്. അവര്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിക്കുന്ന കാര്യം ജില്ലയിലെ ബാങ്കിംഗ് മേഖല പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസ് മുതല്‍ ഓരോ കുട്ടിയുടെ പേരിലും നിശ്ചിത തുക നിക്ഷേപിക്കുകയും വിജയകരമായി എസ്.എസ്.എല്‍.സിയോ പ്ലസ്ടുവോ പൂര്‍ത്തിയാവുമ്പോഴേക്ക് നല്ലൊരു തുക അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതി ആദിവാസി മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രോല്‍സാഹനമാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ബാങ്ക് പ്രതിനിധികള്‍ ജില്ലാ കലക്ടറെ അറിയിച്ചു. നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ വാര്‍ഷിക ലക്ഷ്യത്തിന്റെ 23 ശതമാനം മുന്‍ഗണനാവായ്പ അനുവദിച്ചതായി ബാങ്കിങ് അവലോകന യോഗം വിലയിരുത്തി. കാര്‍ഷിക മേഖലയില്‍ ഈ വര്‍ഷത്തെ ലക്ഷ്യമായ 3330.17 കോടി രൂപയില്‍ ഇതിനകം 1010.3 കോടി നല്‍കാന്‍ സാധിച്ചു. വാര്‍ഷിക ലക്ഷ്യത്തിന്റെ 30 ശതമാനമാണിത്. ചെറുകിട വ്യവസായ മേഖലയില്‍ വാര്‍ഷിക ലക്ഷ്യമായ 1560.98 കോടിയില്‍ 435.19 കോടിയും അനുവദിച്ചു. ഈ കാലയളവില്‍ മൊത്തം നിക്ഷേപം 26102.58 കോടിയില്‍ നിന്ന് 30386.38 കോടിയായി 16.43 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ജില്ലയില്‍ വായ്പാ നിക്ഷേപ അനുപാതം 53.56 ശതമാനം ആണ്. സിന്‍ഡിക്കേറ്റ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ബിഐ തിരുവനന്തപുരം മാനേജര്‍ വി.ജയരാജ്, സിന്‍ഡിക്കേറ്റ് ബാങ്ക് റീജ്യണല്‍ മാനേജര്‍ ടി.പ്രസാദ്, ലീഡ് ബാങ്ക് മാനേജര്‍ എന്‍.ബി.മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.