കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷനും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതിക്ക് പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചടച്ചിക്കുണ്ട് കോളനിയില്‍ ഒക്ടോബര്‍ 2 ന് തുടക്കമാകും. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും സാക്ഷരതാ പ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്ന ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലും ഉദ്ഘാടനം സംഘടിപ്പിക്കും. ജില്ലയിലെ ആറു ബ്ലോക്കുകളില്‍ നിന്നുള്ള 413 കോളനികളിലാണ് പദ്ധതി നടപ്പാക്കുന്നത്. 2018 മാര്‍ച്ച് 31 നകം കോളനികളിലെ 6000 നിരക്ഷരരെ സാക്ഷരതയിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
അകലം പാലിക്കാതെ നിരന്തര ഇടപെടലിലൂടെ കോളനിവാസികളെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്നതിന് പ്രേരക്മാര്‍ പരിശ്രമിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. പാഠപുസ്തകള്ക്കും പഠനോപകരണങ്ങള്‍ക്കുമായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തും. പഠിതാക്കള്‍ക്കുള്ള അനുബന്ധ ചെലവുകള്‍ വഹിക്കുന്നതിന് പ്രാദേശിക സഹകരണം ഉറപ്പാക്കാന്‍ അദ്ദേഹം യോഗത്തില്‍ നിര്‍ദേശം നല്കി. സാക്ഷരത ക്ലാസുകള്‍ക്കൊപ്പം തൊഴില്‍ നൈപുണ്യം, മെച്ചപ്പെട്ട ആഹാര-ആരോഗ്യ ശീലം, തൊഴില്‍ മാര്‍ഗനിര്‍ദേശം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും പ്രായോഗിക നിര്‍ദേശങ്ങളും നല്കി തുടര്‍ച്ചയായി 2 വര്‍ഷത്തെ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. ഇ-സാക്ഷരത ഉള്‍പ്പെടെയുള്ള അറിവും പകര്‍ന്ന് നല്‍കും.
തദ്ദേശസ്ഥാപന അധ്യക്ഷന്മാര് ചെയര്‍മാനും പ്രേരക്മാര്‍ കോര്‍ഡിനേറ്ററുമായുളള സമിതിയാണ് പദ്ധതിക്കായി പ്രവര്‍ത്തിക്കുക. പഠിതാക്കളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി വരികയാണ്. പ്രാദേശിക തലത്തില്‍ തന്നെ അധ്യാപകരെയും തെരഞ്ഞെടുക്കും. ആദിവസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് സഹായമായി സംസ്ഥാനത്ത് തന്നെ ആദ്യമായി നടപ്പാക്കുന്ന മാതൃകാ പദ്ധതിയുടെ പ്രഖ്യാപനം സപ്തംബര്‍ 8 ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയാണ് നിര്‍വ്വഹിച്ചത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.കെ ജയബാലന്‍ മാസ്റ്റര്‍, പി.എസ്.സി മുന്‍ അംഗം ഡോ.പി.മോഹന്‍ദാസ്, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ പയ്യന്നൂര്‍ കുഞ്ഞിരാമന്, വി.ആര്.വി ഏഴോം, ജി.കുമാരന് നായര്‍, സമിതിയംഗം സുരേഷ് ബാബു, സാക്ഷരതമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസി കോര്‍ഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പ്രമോട്ടര്‍മാര്‍, പ്രേരക്മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: