നാവിറങ്ങിപ്പോയോ?

Friday 22 September 2017 12:05 am IST

ശന്തനു ഭൗമിക് എന്ന പത്രപ്രവര്‍ത്തകന്റെ രക്തം വീണത് സിപിഎം ഭരിക്കുന്ന ത്രിപുരയില്‍, ടി.വി. പ്രസാദ് എന്ന ദൃശ്യമാധ്യമപ്രവര്‍ത്തകനെ വധിക്കാനുള്ള ശ്രമം സിപിഎം ഭരിക്കുന്ന കേരളത്തില്‍... അതുകൊണ്ടു തന്നെ അന്തരീക്ഷം ശാന്തം. സോഷ്യല്‍ മീഡിയയിലെ പ്രതികരണ ജീവികള്‍ ഷണ്ഡത്വത്തിന്റെ തനിനിറം കാട്ടിയ ദിവസമായിരുന്നു ഇന്നലെ. സാംസ്‌കാരിക നായകരേയും കാണ്മാനില്ല. ബെംഗളൂരുവില്‍ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചപ്പോള്‍ സംഘപരിവാര്‍ പ്രസ്ഥാനത്തെ പ്രതി ചേര്‍ക്കാന്‍ ആവേശത്തോടെ പുറത്തിറങ്ങിയവര്‍, ത്രിപുരയില്‍ ശന്തനു ഭൗമിക് എന്ന ഇരുപത്തെട്ടുകാരന്റെ മരണത്തിനു മുന്നില്‍ നിശബ്ദരായി. ആര്‍ക്കും പ്രതികരിക്കാനില്ല. ശന്തനുവിനൊപ്പം, പ്രസാദിനൊപ്പം എന്നിങ്ങനെയുള്ള ഹാഷ്ടാഗുകള്‍ സൃഷ്ടിക്കാന്‍ പ്രതികരണ ബുദ്ധിജീവികളോ മാധ്യമ ആക്ടിവിസ്റ്റുകളോ രംഗത്തു വന്നില്ല. പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിന്റെ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്നതിന്റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസിലെ പ്രസാദ് ആക്രമിക്കപ്പെട്ടതെന്ന് ഉറപ്പായിട്ടും നടപടിയില്ല. നോട്ടു നിരോധനം മുതല്‍ ഗൗരി ലങ്കേഷ് വരെ... സംഘപരിവാറിന്റെ രക്തത്തിനായി ദാഹിച്ചവര്‍ എവിടെ? സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സാധ്യതയുള്ളപ്പോള്‍ മാത്രമേ ഇത്തരക്കാരുടെ ശബ്ദമുയരൂയെന്ന ഇരട്ടത്താപ്പും പ്രകടമായി. ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് ഇടതുപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണെങ്കില്‍ സ്വാഭാവിക അക്രമങ്ങള്‍ മാത്രം. അല്ലെങ്കില്‍ ഫാസിസം, വര്‍ഗീയത, അസഹിഷ്ണുത, രാജ്യത്തിന്റെ ഭാവി അപകടത്തില്‍... ഇങ്ങനെ എന്തെല്ലാം വിശേഷങ്ങള്‍. കേജ്‌രിവാളും കമല്‍ ഹാസനും ചെന്നൈയില്‍ ചിരിച്ചു പിരിഞ്ഞതും ഇന്നലെത്തന്നെയായത് യാദൃച്ഛികം. ഇടതു നേതാക്കളാണ് തന്റെ നായകന്മാര്‍ എന്ന് പ്രഖ്യാപിച്ച കമലിനും മണിക് സര്‍ക്കാരിന്റെ ത്രിപുരയില്‍ കുത്തേറ്റു മരിച്ചു വീണ പത്രപ്രവര്‍ത്തകനെക്കുറിച്ച് ഒന്നും പറയാനില്ല. ശന്തനുവിന് ഭാഗ്യമില്ല... ആ രക്തം വീണത് ത്രിപുരയിലായതാണ് ആ നിര്‍ഭാഗ്യം... അല്ലായിരുന്നെങ്കില്‍...