പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സംഘര്‍ഷം

Thursday 21 September 2017 10:35 am IST

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സംഘര്‍ഷം. ക്ഷേത്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലബാര്‍ ദേവസ്വത്തിന്റെ നടപടികള്‍ക്കെതിരെ ഭക്തര്‍ രംഗത്ത് വന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ്. ഭക്തരും ക്ഷേത്ര സമിതിയും കോടതിയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കല്‍ നീണ്ടത്. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ് പ്രശ്‌നം. എന്നാല്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് ക്ഷേത്രം ഏറ്റെടുത്തതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ നിലപാട്. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം പ്രവര്‍ത്തിച്ചുവരുന്ന ഭരണസമിതിക്കാണ് നിലവില്‍ ക്ഷേത്ര ഭരണാധികാരം. സമിതിയുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേട് ആരോപിച്ചാണ് മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങിയത്. എതിര്‍പ്പുയരുകയും കേസാവുകയും ചെയ്തതോടെ ഈ നീക്കം നിലക്കുകയായിരുന്നു. ഭണ്ഡാരം, ലോക്കറുകള്‍ എന്നിവ നേരത്തെ തന്നെ ദേവസ്വം അധികൃതര്‍ സീല്‍ ചെയ്തിരുന്നു.