വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Thursday 21 September 2017 11:29 am IST

തൃശൂര്‍: വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍‌ഫോഴ്സുമെന്റ് കണ്ടുകെട്ടി. പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട അഴിമതികേസിലാണ് നടപടി. മലബാര്‍ സിമന്റ്സില്‍ അഴിമതി നടന്ന കാലഘട്ടത്തിലാണ് രാധാകൃഷ്ണന്‍ ഈ സ്വത്തുക്കള്‍ സമ്പാദിച്ചത്. നേരത്തെ രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തിയിരുന്നു. ഒമ്പതു വർഷത്തേക്ക് ഫ്ളൈ ആഷ് നൽകാൻ മലബാർ സിമന്റ്‌സുമായി രാധാകൃഷ്ണന്റെ സ്ഥാപനമായ എആർകെ വുഡ് ആൻഡ് മെറ്റൽസ് കരാറുണ്ടാക്കിയിരുന്നു. നാലു വർഷത്തിനുശേഷം അതിന് കെട്ടിവെച്ച ബാങ്ക് ഗാരണ്ടി തുക പലിശസഹിതം പിൻവലിച്ചു. ബാങ്ക് ഗാരണ്ടിയും പലിശയുമുൾപ്പെടെ 52.45 ലക്ഷം രൂപ പിൻവലിച്ചത് മലബാർ സിമന്റ്‌സിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. വി.എം രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും കോടതി ചോദിച്ചിരുന്നു. കേസില്‍ ആരോപണ വിധേയനായ വ്യവസായി രാധാകൃഷ്ണന്‍ നിയമത്തിന് അതീനനാണോയെന്നും കോടതി ചോദിച്ചു. രാധാകൃഷ്‌ണെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.