നവരാത്രി വിഗ്രഹങ്ങള്‍ക്ക് ഭക്ത്യാദര വരവേല്‍പ്പ്; പൂജകള്‍ക്ക് ഇന്ന് തുടക്കം

Thursday 21 September 2017 2:06 pm IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പദ്മനാഭപുരത്തു നിന്നു പുറപ്പെട്ട വിഗ്രഹ ഘോഷയാത്രയ്ക്ക് തലസ്ഥാനത്തിന്റെ ഭക്ത്യാദരവരവേല്‍പ്പ്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് രാജകീയ സ്വീകരണമാണ് വഴിയോരങ്ങളില്‍ ലഭിച്ചത്. സ്വീകരണങ്ങളുടെ ബാഹുല്യം കാരണം പതിവിന് വിപരീതമായി രാത്രി 10 മണിയോടെയാണ് വിഗ്രഹഘോഷയാത്രയ്ക്ക് ശ്രിപദ്മാനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരാനായത്. രാവിലെ പത്ത് മണിയോടെ ബാലരാമപുരത്ത് എത്തിച്ചേര്‍ന്ന ഘോഷയാത്രയെ ബിജെപി ബാലരാമപുരം പഞ്ചായത്ത് കമ്മറ്റിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഉച്ചയോടെ നഗരാതിര്‍ത്തിയായ നേമം വിക്ടറി സ്‌കൂളിനു മുന്നില്‍ എത്തിച്ചേര്‍ന്നു. ഐ.ബി. സതീഷ് എംഎല്‍എ, മേയര്‍ വി.കെ. പ്രശാന്ത്, ഡ്യെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ്, കൗണ്‍സിലര്‍മാരായ എം.ആര്‍.ഗോപന്‍, ആശാനാഥ് എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് നേമം വില്ലേജ് ഓഫീസില്‍ എത്തിയപ്പേള്‍ വിഗ്രഹങ്ങള്‍ക്ക് ഔദ്യോഗിക സ്വീകരണം നല്‍കി. പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. രാജഭരണ കാലത്ത് നല്‍കിയിരുന്ന രാജകീയ സ്വീകരണത്തിന്റെ തുടര്‍ച്ചയെന്നോണമാണ് നേമം കച്ചേരി ജംഗ്ഷനില്‍ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കുന്നത്. വൈകുന്നേരത്തോടെ കരമന സത്യവാഗീശ്വര ക്ഷേത്രത്തില്‍ എത്തിയ ശേഷം സുബ്രഹ്മണ്യ സ്വാമിയ വെള്ളിക്കുതിരയിലും സരസ്വതി ദേവിയെ ആനപ്പുറത്തും മുന്നൂറ്റിനങ്കയെ പല്ലക്കിലുമായി എഴുന്നള്ളിച്ചു. സുരേഷ്‌ഗോപി എംപി, ഒ. രാജഗോപാല്‍ എംഎല്‍എ, കൗണ്‍സിലര്‍ കരമന അജിത് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് താളമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. ചാലയിലേക്ക് പ്രവേശിച്ച ഘോഷയാത്രയെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, വി.എസ്.ശിവകുമാര്‍ എംഎല്‍എ, ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അശ്വാരൂഢസേന, പോലീസ് ബാന്റ് എന്നിവയുടെ അകമ്പടിയോടെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലേക്ക് ആനയിച്ച വിഗ്രഹങ്ങളെ രാജകുടുംബാംഗം മൂലം തിരുനാള്‍ രാമവര്‍മ്മ പിടിപ്പണം നല്‍കി സ്വീകരിച്ചു. സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തില്‍ കുടിയിരുത്തി. തുടര്‍ന്ന് പത്മതീര്‍ത്ഥക്കുളത്തില്‍ ആറാട്ടും നടന്നു. സുബ്രഹ്ണ്യസ്വാമിയെ ആര്യശാല ദേവീക്ഷത്രത്തിലേക്കും മൂന്നൂറ്റി നങ്കയെ ചെന്തിട്ട ദേവിക്ഷേത്രത്തിലേക്കും എഴുന്നെള്ളിച്ചു. ഒമ്പതു ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി പൂജയ്ക്ക് ഇന്നു തുടക്കമാകും. അതോടൊപ്പം നവരാത്രി മണ്ഡപത്തില്‍ നവരാത്രി സംഗീതസദസ്സിനും ഇന്ന് ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.