മെഡിക്കല്‍ കോളേജില്‍ പുതിയ അള്‍ട്രാസൗണ്ട് സ്‌കാനര്‍

Thursday 21 September 2017 2:25 pm IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ പുതിയ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. അത്യാഹിതവിഭാഗത്തില്‍ സര്‍ജറി വിഭാഗത്തിന് സമീപത്തായി പ്രവര്‍ത്തിച്ചുവരുന്ന അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീനെ കൂടാതെയാണ് പുതിയ സംവിധാനം. അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് സമയം പാഴാക്കാതെ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് എടുക്കാന്‍ കഴിയും. അപകടം പറ്റി വരുന്ന രോഗികളുടെ വയറ്, നെഞ്ച് എന്നിവിടങ്ങളിലെ രക്തവാര്‍ച്ചയും ശ്വാസകോശം, ഹൃദയം എന്നിവയുടെ അവസ്ഥയും വളരെ കൃത്യമായറിയാന്‍ ഈ സ്‌കാനിംഗിലൂടെ കഴിയും. കൂടാതെ രക്തം വാര്‍ന്നുപോകുന്ന രോഗികള്‍ക്ക് വലിയ ട്രിപ്പ് നല്‍കാനായി എളുപ്പത്തില്‍ ഞരമ്പുകള്‍ കണ്ടു പിടിച്ച് സെന്‍ട്രല്‍ ലൈന്‍ ഇടാനും ഈ സ്‌കാനിംഗിലൂടെ കഴിയും. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയ ചെയ്യുന്ന ഭാഗത്തെ ഞരമ്പുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതു കൊണ്ട് ആ ഭാഗം മാത്രം മരവിപ്പിച്ച് ഫലപ്രദമായി അനസ്തീഷ്യ നല്‍കാനും സഹായിക്കും. ശരീരഭാഗങ്ങള്‍ മുറിഞ്ഞുവരുന്ന രോഗികള്‍ക്ക് ആ ഭാഗത്തെ രക്തയോട്ടം വളരെപ്പെട്ടന്ന് കണ്ടുപിടിക്കാം. ശസ്ത്രക്രിയ കഴിഞ്ഞശേഷവും ആ ഭാഗത്തെ രക്തയോട്ടവും പരിശോധിക്കാം. ഇങ്ങനെ ഓപ്പറേഷന്‍ തീയറ്ററിലുള്ള സങ്കീര്‍ണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലൂടെ കഴിയും. 13 ലക്ഷം വിലയുള്ളതാണ് ഈ അത്യാധുനിക അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍. മെഷീന്‍ ഉപയോഗിക്കണ്ട വിധത്തെപ്പറ്റി ഡോക്ടര്‍മാര്‍ക്കും പിജി ഡോക്ടര്‍മാര്‍ക്കും വിദഗ്ധ പരിശീലനവും നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.