ചൊവ്വള്ളൂര്‍ റോഡില്‍ നിറയെ ചെളിക്കുണ്ടുകള്‍

Thursday 21 September 2017 2:26 pm IST

വിളപ്പില്‍: മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ മുപ്പതിലേറെ ചെളിക്കുണ്ടുകള്‍. വിളപ്പില്‍ശാല-ചൊവ്വള്ളൂര്‍ ക്ഷേത്രം റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുന്നത്. വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട്, ചൊവ്വള്ളൂര്‍ വാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്ന ഈ റോഡ് 2013 ല്‍ ടാറിംഗ് നടത്തി നവീകരിച്ചിരുന്നു. റോഡിന്റെ ഒരുവശം കുന്നിന്‍ പ്രദേശമാണ്. ഇവിടെനിന്ന് റോഡിലേക്ക് നീരൊഴുക്കുണ്ട്. മഴക്കാലമാകുമ്പോള്‍ നീരൊഴുക്ക് ശക്തമാകും. വെള്ളം ഒഴുകുന്നതിന് റോഡിന്റെ ഇരുവശങ്ങളിലും മുമ്പ് ഓടകളുണ്ടായിരുന്നു. റോഡ് നവീകരണത്തിന് ഓടകള്‍ നികത്തി. ഇതോടെ ഒഴുക്ക് തടസപ്പെട്ട് വെള്ളം റോഡില്‍ കെട്ടിക്കിടന്ന് കുഴികള്‍ രൂപപ്പെടുകയായിരുന്നു. ചൊവ്വള്ളൂര്‍ റോഡിലൂടെ സ്ഥിരമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉണ്ടായിരുന്നു. റോഡ് തകര്‍ന്നതോടെ സര്‍വീസ് വല്ലപ്പോഴും മാത്രമായി ചുരുങ്ങി. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പഞ്ചായത്തംഗങ്ങള്‍ പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ചൊവ്വളളൂര്‍ റോഡിലെ കുഴികള്‍ മൂടാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. മഴക്കാലമായതോടെ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടന്ന് റോഡേത് കുഴിയേതെന്ന് അറിയാനാകാത്ത സ്ഥിതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.