തെറ്റിദ്ധരിപ്പിച്ച് മതം മാറ്റി; 'ആതിര' ഇനി ആതിര തന്നെ

Friday 22 September 2017 12:10 am IST

കൊച്ചി: ''ഇപ്പോള്‍ ഞാന്‍ ആയിഷയല്ല. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന ആതിര തന്നെയാണ്. എന്നെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റുകയായിരുന്നു. സനാതന ധര്‍മ്മത്തിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്'', ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍കോട് ബേക്കല്‍ കരിപ്പൊടി ആതിര നിവാസില്‍ രവീന്ദ്രന്റെയും ആശയുടെയും മകള്‍ ആതിര മാധ്യമങ്ങളോട് പറഞ്ഞു. കോളേജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ സഹപാഠികളായ മുസ്ലിം പെണ്‍കുട്ടികള്‍ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാമിലേക്ക് മതംമാറ്റുകയായിരുന്നു. അവരുടെ ഏക ദൈവവിശ്വാസമാണ് ആകര്‍ഷിച്ചത്. ഖുര്‍ആനും ഇസ്ലാം മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ തന്നു. എല്ലാം വായിച്ചപ്പോള്‍ ഹിന്ദുമതം തെറ്റെന്ന് തോന്നി. എന്നാല്‍, ഇസ്ലാം മതത്തെക്കുറിച്ച് അറിഞ്ഞതല്ല സത്യമെന്ന് തിരിച്ചറിയാന്‍ വൈകി. നന്മയിലേക്ക് നയിക്കുന്ന കാഴ്ചപ്പാടാണ് ദൈവത്തിന്റേത്. എന്നാല്‍, സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന, ഭയംകോരിയിട്ട് മറ്റുള്ളവരോട് തലവെട്ടാന്‍ പറയുന്ന രീതിയായിരുന്നു ഇസ്ലാമില്‍. ഹിന്ദുധര്‍മ്മത്തെക്കുറിച്ച് ശരിക്കും പഠിക്കാതിരുന്നതാണ് തെറ്റായ തീരുമാനത്തിലേക്കു നയിച്ചത്. കല്ലിനെ ആരാധിക്കുന്ന ഹിന്ദു മതം തെറ്റെന്നും ഇസ്ലാം മതം മുന്നോട്ടുവയ്ക്കുന്ന ഏക ദൈവവിശ്വാസം മാത്രമാണ് ശരിയെന്നും തെറ്റിദ്ധരിപ്പിക്കാന്‍ പിന്നീട് പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുമുണ്ടായിരുന്നു. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ കാഫിറുകളാണെന്ന് വിശ്വസിപ്പിച്ചതിനാല്‍ മാതാപിതാക്കളെയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍, ഐഎസില്‍ ചേര്‍ക്കാനുള്ള ശ്രമം ആരും നടത്തിയില്ല. ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതിവരരുത്. ഒരു മാതാപിതാക്കള്‍ക്കും ഈ അവസ്ഥയുണ്ടാകരുത്. സത്യം തിരിച്ചറിഞ്ഞ് തിരികെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം. എല്ലാ സഹായവും ചെയ്ത ആര്‍ഷ വിദ്യാസമാജം പ്രവര്‍ത്തകരോട് കടപ്പാടുണ്ടെന്നും ആതിര പറഞ്ഞു. കോളേജ് വിദ്യാര്‍ഥിനിയായ ആതിര (23)യെ ജൂലൈ 10നാണ് കാണാതായത്. 20 പേജ് കത്തെഴുതി വച്ചായിരുന്നു ആതിര പോയത്. ഇസ്ലാംമതത്തിലേക്ക് ആളുകളെ ചേര്‍ക്കുന്ന സംഘത്തിലാണ് എത്തിപ്പെട്ടത്. ഇതിനിടെ പോലീസ് അന്വേഷണവും ആരംഭിച്ചു. ഏറെ നാള്‍ കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു വീട്ടില്‍ ആതിരയെ താമസിപ്പിച്ചു. ഇതിനിടെ, ആതിര തന്നെ പോലീസിനു മുന്നിലെത്തി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറായില്ല. എന്നാല്‍, ആര്‍ഷ വിദ്യാസമാജത്തിലൂടെ വിവിധ മതങ്ങളുടെ ആശയം പഠിച്ചതോടെയാണ് സ്വന്തം മതത്തിലേക്ക് തിരികെപ്പോരാന്‍ ആതിര തയാറായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.