മോദിയെ ഭയന്ന് ദാവൂദ് വീട് മാറിയത് നാല് തവണ

Thursday 21 September 2017 4:48 pm IST

മുംബൈ: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി സഹോദരന്‍ ഇഖ്ബാല്‍ കസ്‌ക്കര്‍. 1993 മുംബൈ സ്‌ഫോടനത്തിലെ പ്രതിയായ ദാവൂദ് ഇപ്പോള്‍ പാക്കിസ്ഥാനിലാണെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം നാല് തവണ ദാവൂദ് വീട് മാറിയെന്നും ഇഖ്ബാല്‍ വെളിപ്പെടുത്തി. കെട്ടിടനിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ താനെയിലെ വസതിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇഖ്ബാലിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വെളിപ്പെടുത്തലുകളുണ്ടായത്. കിഴക്കും പടിഞ്ഞാറുമുള്ള അഫ്രിക്കന്‍ രാജ്യങ്ങളില്‍ ദാവൂദിന് നിക്ഷേപങ്ങളുണ്ടെന്നും ഇഖ്ബാല്‍ വ്യക്തമാക്കി. ദാവൂദിന്റെ പാക്കിസ്ഥാനിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഫോണിലൂടെ കുടുംബാംഗങ്ങളോട് ദാവൂദ് സംസാരിക്കാറില്ലെന്നും ഇബ്രാഹിം വ്യക്തമാക്കി. ലാറ്റിനമേരിക്കൻ മയക്കുമരുന്ന് ലോബിയുമായി ദാവൂദിന് ബന്ധമുണ്ടെന്നും ഇബ്രാഹിം കസ്‌ക്കര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ദാവൂദുമായി നേരിട്ടോ അല്ലാതെയോ ഉള്ള കസ്‌ക്കറിന്റെ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഈ കാര്യങ്ങള്‍ വെളിപ്പെട്ടത്. ദാവൂദിന്റെ ഭൂമി ഇടപാടുകള്‍ നോക്കി നടത്തുന്നതിന് 2003ലാണ് കസ്‌ക്കര്‍ ദുബായിയില്‍ നിന്ന് എത്തിയതെന്ന് പോലീസ് പറഞ്ഞു.