മെഡി.അഴിമതിക്കേസില്‍ മുന്‍ ജഡ്ജി അറസ്റ്റില്‍

Thursday 21 September 2017 3:12 pm IST

ന്യൂദല്‍ഹി: ഒഡീഷ ഹൈക്കോടതി മുന്‍ ജഡ്ജി ഐ.എം ഖുദ്ദുസി അടക്കം അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീംകോടതിയുടെ വിധി മറികടന്ന് എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇടനിലക്കാരൻ ബിശ്വനാഥ് അഗ്രവാല എന്നിവരും സ്വകാര്യ മെഡിക്കൽ കോളേജ് ഉടമകളായ ബി.പി.യാദവ്, പലാഷ് യാദവ്, ഹവാല ഇടപാടുകാരൻ രാംദേവ് സരസ്വതി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഒരു സ്വകാര്യ മെഡിക്കൽ കോളജിന് എം.ബി.ബി.എസ് പ്രവേശനത്തിന് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് എങ്ങനെ പ്രവേശനം നടത്താമെന്ന് മെഡിക്കൽ കോളജ് അധികൃതർക്ക് ജസ്റ്റീസ് ഖുദ്ദുസി നിയമോപദേശം നൽകിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. മാത്രമല്ല, മേൽക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടി നൽകാമെന്ന് വാക്കുനൽകിയെന്നും സിബിഐ കണ്ടെത്തി. ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ദൽഹി, ലക്നൗ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ 1.91 കോടി കണ്ടെടുത്തിരുന്നു. ഇതിൽ ഖുദ്ദുസിയുടെ തെക്കൻ ദൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ വസതിയും ഉൾപ്പെട്ടിരുന്നു. 2017-18 അദ്ധ്യയന വർഷത്തിൽ ഒരു മെഡിക്കൽ കോളജിനും എംബിബിഎസ് പ്രവേശനത്തിന് ഹൈക്കോടതികൾ അനുമതി നൽകരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.