തോമസ് ചാണ്ടിക്കെതിരെ മുന്‍വിധിയില്ലാതെ നടപടിയുണ്ടാവുമെന്ന്

Thursday 21 September 2017 3:32 pm IST

തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ മുന്‍വിധിയില്ലാതെ നടപടിയുണ്ടാവുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. മന്ത്രി എന്നുള്ള പദവി അന്വേഷണത്തിന് തടസമാകില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി തോമസ് ചാണ്ടി ചട്ടം ലംഘിച്ചെന്ന ആരോപണം സംബന്ധിച്ച്‌ ഇടക്കാല റിപ്പോര്‍ട്ട് കളക്ടറോട് തേടിയിട്ടുണ്ട്. ആരോപണം ഉണ്ടായപ്പോള്‍ തന്നെയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. മാര്‍ത്താണ്ഡം കായല്‍ നികത്തല്‍ സംബന്ധിച്ച പരാതിയില്‍ കഴിഞ്ഞ ദിവസം റവന്യൂസംഘം വീണ്ടും സ്ഥലപരിശോധന നടത്തിയിരുന്നു. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണത്തില്‍ അപാകതയില്ലെന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. റോഡു നിര്‍മ്മാണം സംബന്ധിച്ച് പരിശോധന നടത്താന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിജിലന്‍സ് വിഭാഗത്തോടു ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയതായും അറിയുന്നു. അതിനിടെ ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ നിലം നികത്തുന്നതിന് ആരാണ് അനുമതി നല്‍കിയതെന്നത് സംബന്ധിച്ച രേഖകളൊന്നും വിവിധ ഓഫീസുകളിലില്ല. ലേക് പാലസ് റിസോര്‍ട്ട് നിര്‍മ്മിച്ച ഭൂമിയുടെ ബിടിആറില്‍ 90 ശതമാനം ഭൂമിയും കൃഷി നിലമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീരദേശപരിപാലന നിയമമനുസരിച്ച് കായലില്‍ നിന്ന് 100 മീറ്ററിനുള്ളില്‍ നിര്‍മ്മാണം നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും കൃഷിഭൂമിയില്‍ നിര്‍മ്മാണം നടത്തണമെങ്കില്‍ ആര്‍ഡിഒയുടെ ഉത്തരവും നിര്‍ബന്ധമാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നിര്‍മ്മിച്ച 13 കെട്ടിടങ്ങളുടെ ഭൂമിയുടെ സര്‍വ്വേ നമ്പര്‍പോലും ആലപ്പുഴ നഗരസഭയുടെ രജിസ്റ്ററിലില്ല.നഗരസഭാ പരിധിയിലെ തിരുമല വാര്‍ഡുള്‍പ്പെടുന്ന കരുവേലി കൊമ്പന്‍കുഴി പാടശേഖരത്തിന്റെ മദ്ധ്യത്തില്‍ വേമ്പനാട്ട് കായലിനോട് ചേര്‍ന്നാണ് റിസോര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.