മമതയ്ക്ക് തിരിച്ചടി: വിഗ്രഹ നിമജ്ജനത്തിന് ഹൈക്കോടതി അനുമതി

Thursday 21 September 2017 4:00 pm IST

കൊല്‍ക്കത്ത: മുഹറത്തിന് ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം പാടില്ലെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉത്തരവിന് തിരിച്ചടി. മുഹറത്തിന് വിഗ്രഹ നിമജ്ജനം നടത്താമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. മുഹറ ദിനം ഉള്‍പ്പെടെ എല്ലാ ദിവസവും രാത്രി 12 വരെ വിഗ്രഹനിമജ്ജനം നടത്താമെന്നും കോടതി അറിയിച്ചു. സര്‍ക്കാര്‍ ഇതിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിഗ്രഹ നിമജ്ജനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. മമതയുടെ നടപടിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങള്‍ക്കിടയില്‍ അതിരുകള്‍ നിര്‍ണയിക്കരുത്. ക്രമസമാധനത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. രണ്ട് മതങ്ങള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. ജനങ്ങള്‍ക്ക് അവരുടെ മതത്തില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്നും കോടതി അറിയിച്ചു.