പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം - കുമ്മനം

Thursday 21 September 2017 4:46 pm IST

തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു‍. നൂറുകണക്കിന് പോലീസുകാരുമായി വന്ന് ആരാധനാലയം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന കാഴ്ച കേരളത്തിന് അപരിചിതമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച്‌ കയ്യേറാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ക്ഷേത്രങ്ങളിലെ അഴിമതിയും ധൂര്‍ത്തും ആദ്യം അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ കയ്യിലുള്ള ക്ഷേത്രങ്ങള്‍ കെടുകാര്യസ്ഥതയും അവിശ്വാസികളുടെ ഇടപെടലും മൂലം ശിഥിലമാകുന്ന അവസ്ഥയിലാണ്. ആദ്യം ആ സ്ഥിതി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കുമ്മനം പറഞ്ഞു. ഭക്തജനങ്ങളുടെയും വിശ്വാസികളുടേയും നിയന്ത്രണത്തില്‍ മികച്ച രീതിയില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അവിടുത്തെ സ്വത്ത് കയ്യടക്കാന്‍ മാത്രമാണ്. ഹൈന്ദവ ആരാധാനാലയങ്ങള്‍ മാത്രം മുട്ടു ന്യായങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടി വരും. അധികാരത്തര്‍ക്കവും ഭരണപരമായ വീഴ്ചകളും സംസ്ഥാനത്തെ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലും ഉണ്ടായിട്ടുണ്ട്. സഭാതര്‍ക്കം മൂലം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പള്ളികളും സംസ്ഥാനത്തുണ്ട്. അവിടങ്ങളിലൊന്നും പ്രശ്നപരിഹാരത്തിനായി ഏറ്റെടുക്കലിന് സര്‍ക്കാര്‍ മുതര്‍ന്നിട്ടില്ല. എന്നിരിക്കെ അമ്പലങ്ങളെ മാത്രം കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നത് ക്ഷേത്ര വിശ്വാസത്തിന്‍ മേലുള്ള കടന്നു കയറ്റമാണ്. ഭരണഘടനയുടെ ഇരുപത്തിയാറാം ആര്‍ട്ടിക്കിള്‍ അനുസരിച്ച്‌ ഏത് മതസ്ഥര്‍ക്കും അവരവരുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും ഭരണ നിര്‍വഹണം നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്ക് മാത്രം നിഷേധിക്കുന്നത് ആശാസ്യമല്ല. തത്സ്ഥിതി തുടരാന്‍ ആവശ്യപ്പെട്ട് കോടതി വിധി നിലവിലുള്ളപ്പോള്‍ ക്ഷേത്രം കയ്യേറാന്‍ ശ്രമിക്കുന്നത് നിയമ വ്യവസ്ഥയെ അവഹേളിക്കലാണ്. മതേതര സര്‍ക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ഒരു വിഭാഗത്തിനെ മാത്രം ദ്രോഹിക്കുന്ന നടപടികള്‍ ആവര്‍ത്തിക്കുന്നത് ബിജെപി കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.