മുളിയാര്‍ ലോക്കലില്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസ്സപ്പെട്ടു

Thursday 21 September 2017 7:10 pm IST

മുളിയാര്‍: വിഭാഗീയത രൂക്ഷമായതിനെ തുടര്‍ന്ന് സിപിഎം മുളിയാര്‍ ലോക്കല്‍ കമ്മറ്റിക്കു കീഴിലെ മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസ്സപ്പെട്ടു. 18 ബ്രാഞ്ച് കമ്മറ്റികളാണ് മുളിയാര്‍ ലോക്കലിനു കീഴിലുള്ളത്. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന നാലു ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയത മൂലം മൂന്നിടത്തും നടന്നില്ല. അടുത്തിടെ സിപിഎം കാറഡുക്ക ഏരിയാ കമ്മറ്റി അംഗം മാധവന്റെ വീടിനു നേരെ അക്രമം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളാണ് വിഭാഗീയതയ്ക്കും ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസ്സപ്പെടുന്നതിനും ഇടയാക്കിയത്. മാധവന്റെ വീടിനു നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടുകയും മൂന്നു ദിവസം കസ്റ്റഡിയില്‍ വച്ചശേഷം അറസ്റ്റു രേഖപ്പെടുത്തിയെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയുമായിരുന്നു. സിപിഎം ഏരിയാ നേതാവായ ഒരാളുടെ ഇടപെടലാണ് ജാമ്യത്തില്‍ വിടാന്‍ ഇടയാക്കിയതെന്നും ഇതു അംഗീകരിക്കില്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശക്തമായ നിലപാട് സ്വീകരിച്ചതാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ ബഹളത്തിനും തടസ്സപ്പെടുന്നതിനും കാരണമായതെന്നു പറയുന്നു. പാത്തനടുക്കം, കെട്ടുംകല്ല്, കക്കോടി ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസ്സപ്പെട്ടപ്പോള്‍ കോട്ടൂരിലേത് നിശ്ചയിച്ചത് പ്രകാരം നടന്നു. ഇന്ന് മൂന്നിടത്ത് നടക്കേണ്ട ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവച്ചതായി നേതാക്കളില്‍ക്കിടയില്‍ സംസാരം ആരംഭിച്ചിട്ടുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങള്‍ തടസ്സപ്പെട്ടത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുയാമ്. സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ലോക്കല്‍ കമ്മറ്റിയുടെ അടിയന്തിര യോഗം ബ്രാഞ്ച് സമ്മേളനങ്ങളുടെ നടത്തിപ്പു കാര്യത്തില്‍ തീരുമാനമാകാതെയാണ് പിരിഞ്ഞത്. മറ്റു ബ്രാഞ്ചുകളിലും ഇതാവര്‍ത്തിക്കുമെന്ന ഭീതിയിലാണ് സിപിഎം ജില്ലാ നേതൃത്വം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.