നമ്പര്‍ പ്ലേറ്റില്ലാത്ത ലോറി പിടികൂടി

Thursday 21 September 2017 10:11 pm IST

കാക്കനാട്: സ്വകാര്യ കമ്പനിയുടെ ചോക്ലേറ്റ് കയറ്റിക്കൊണ്ടുവന്ന ടോറസ് ലോറി (റെഫ്രിജേറ്റര്‍ വാന്‍) വാഹന വകുപ്പ് പിടികൂടി. നമ്പര്‍ പ്ലേറ്റില്ലാതെ മുംബൈയില്‍ നിന്ന് രവിപുരത്തെ ഗോഡണിലേയ്ക്ക് ചോക്ലേറ്റുമായി എത്തിയ നാഷണല്‍ പെര്‍മിറ്റ് ടോറസാണ് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, നാഷണല്‍ പെര്‍മിറ്റ് ലോറിയെന്ന ചിഹ്നം, മറ്റ് നിയമപരമായ അടയാളങ്ങളൊന്നും വണ്ടിയില്‍ പതിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനത്തില്‍ ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടമുണ്ടായാല്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇതരസംസ്ഥാന ചരക്ക് വാഹനങ്ങള്‍ നമ്പര്‍ പ്ലേറ്റ് വയ്ക്കാതെ സംസ്ഥാനത്തേയ്ക്ക് കടക്കുന്നതെന്നാണ് ഉദ്യോസ്ഥരുടെ നിഗമനം. മറ്റു വാഹനങ്ങളെ ഇടിച്ചിട്ടു പിടികൊടുക്കാതെ പോകുന്ന വാഹനങ്ങളില്‍ ഏറെയും നമ്പര്‍ പ്ലേറ്റില്ലാതെ രക്ഷപ്പെട്ടവയാണെന്നാണ് വാഹനവകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ചരക്കുമായി എത്തുന്ന ഇതരസംസ്ഥാന ലോറികളുടെ രജിസ്ട്രേഷന്‍ നമ്പര്‍ വായിക്കാനും കഴിയില്ല. ചരക്ക് ലോറികള്‍ മിക്കതും നമ്പര്‍ മറച്ച് വെച്ചാണ് എത്തുന്നത്. ചരക്ക് ലോറികള്‍ കൂടുതലും സര്‍വ്വീസ് നടത്തുന്നത്. രാത്രി സമയങ്ങളില്‍ പരിശോധന നടത്താത്തും ഇത്തരക്കാര്‍ക്ക് സുഗമമായി യാത്രചെയ്യാനാകുന്നു.