മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലനം; പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Thursday 21 September 2017 10:33 pm IST

കട്ടപ്പന(ഇടുക്കി): സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ സ്വീകരിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും തുടര്‍നടപടിയില്ല. 14 ജില്ലാ ഐറ്റിഡിപി ഓഫീസുകള്‍ വഴി കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് അപേക്ഷ സ്വീകരിച്ചത്. തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ നൂറോളം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുകയാണ്. കേരളത്തിലെ ഒരു പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ സൗജന്യമായി പരിശീലനം നല്‍കുമെന്ന് പറഞ്ഞാണ് അപേക്ഷ സ്വീകരിച്ചത്. ഈ സ്ഥാപനത്തില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ആരംഭിച്ചിട്ട് മാസങ്ങളായി. പട്ടികവര്‍ഗ വികസനവകുപ്പ് അലംഭാവം കാട്ടുന്നത് വിദ്യാര്‍ത്ഥികളുടെ എന്‍ട്രന്‍സ് മോഹത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. പ്ലസ് ടു സയന്‍സ്, കണക്ക് വിഷയങ്ങളില്‍ പഠിക്കുകയും കുറഞ്ഞത് നാല് വിഷയങ്ങള്‍ക്കെങ്കിലും ബി ഗ്രേഡില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചവരും, 2017-ലെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ പട്ടികവര്‍ഗ വിദ്യാത്ഥികളെയാണ് 2018- ലെ നീറ്റ് എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മുമ്പായി ഒരുവര്‍ഷത്തെ കോച്ചിങ്ക്ലാസ്സില്‍ പങ്കെടുപ്പിക്കുന്നത്. യോഗ്യരായവര്‍ക്ക് താമസം, ഭക്ഷണം, സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനത്തില്‍ ഒരുവര്‍ഷത്തെ പ്രത്യേക പരിശീലനം എന്നിവ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് അപേക്ഷ അയച്ച നൂറ് കണക്കിന് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ എന്‍ട്രന്‍സ് പരിശീലനമോഹവും സാധ്യതയുമാണ് ഉദ്യോഗസ്ഥരുടെ ഉദാസീനതമൂലം ഇല്ലാതാവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.