മെട്രോ മഹാരാജാസിലേക്ക്: ഉദ്ഘാടനം മൂന്നിന്

Friday 22 September 2017 7:43 am IST

കൊച്ചി: മെട്രോ ട്രെയിന്‍ സര്‍വീസ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 11ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഒക്ടോബര്‍ മൂന്നുമുതല്‍ ആറുവരെയുള്ള ഏതെങ്കിലും ദിവസം ഉദ്ഘാടനം നടത്തുമെന്നാണ് കെഎംആര്‍എല്‍ അറിയിച്ചിരുന്നത്. മൂന്നിന് ഉദ്ഘാടനത്തിന് സന്നദ്ധനാണെന്ന് കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി ഇന്നലെയാണ് ലഭിച്ചത്. റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഇതിനകം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തീയതി നിശ്ചയിച്ചിട്ടുള്ളത്. ഈ മാസം 25,26 തീയതികളില്‍ മഹാരാജാസ് കോളേജ് വരെയുള്ള സിഗ്നല്‍ സംവിധാനവും ട്രാക്കും റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ പരിശോധിക്കും. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. 11 സ്റ്റേഷനുകളാണ് ഇതിനിടയിലുള്ളത്. മഹാരാജാസ് വരെ മെട്രോ നീട്ടുന്നതോടെ ട്രെയിന്‍ എത്തുന്ന സ്‌റ്റേഷനുകളുടെ എണ്ണം 16 ആയി ഉയരും. തൃപ്പൂണിത്തുറ പേട്ടവരെയുള്ള മെട്രോ നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 20 പേര്‍ക്കു കൂടി ജോലി തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ജോലി നല്‍കിയ ലോകത്തിലെ ആദ്യ മെട്രോയായ കൊച്ചി മെട്രോയില്‍ ഈ വിഭാഗത്തിലെ ഇരുപതുപേര്‍ക്കുകൂടി കുടുംബശ്രീ വഴി ജോലി നല്‍കുന്നു. മെട്രോയിലേക്ക് ആവശ്യമായ ജീവനക്കാരെ നല്‍കുന്ന കുടുംബശ്രീയുടെ ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ വഴിയാണ് ഇവരെ തെരഞ്ഞെടുത്തത്. കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററിലും ഹൗസ് കീപ്പിങ്ങ് വിഭാഗത്തിലുമാണ് ഇവരെ നിയമിക്കുക. വിവിധ വിഭാഗങ്ങളിലേക്കായി നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത 24 പേരില്‍നിന്നു യോഗ്യരായ 20 പേരെ തെരഞ്ഞെടുക്കുകയായിരുന്നു. കൊച്ചി മെട്രോ റെയിലിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ഇവര്‍ക്ക് വിദഗ്ദ്ധ ഏജന്‍സികളുടെ കീഴില്‍ സ്‌കില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് ഇവരെ പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക,് ഇടപ്പള്ളി, പത്തടിപ്പാലം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, കളമശേരി, മുട്ടം, അമ്പാട്ടുകാവ്, കമ്പനിപ്പടി പുളിഞ്ചുവട്, ആലുവ എന്നീ പതിനൊന്നു സ്റ്റേഷനുകളിലായി നിയമിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.