മഴ കനത്തു, മണ്ണൊലിപ്പും കൂടി

Thursday 21 September 2017 10:46 pm IST

തൃശൂര്‍: മണ്ണൊലിപ്പ് വര്‍ദ്ധിച്ചതോടെ മണ്ണിന്റെ ഫലപൂഷ്ടി കുറയുന്നുവെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. ഓരോ വര്‍ഷവും മണ്ണൊലിപ്പ് കൂടിവരികയാണ്. മലയോര പ്രദേശങ്ങളില്‍ മാത്രം ഉണ്ടായിരുന്ന മണ്ണൊലിപ്പ് ഇപ്പോള്‍ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുറച്ച് നാളുകളായി ഒരു മഴയത്ത് ഒരു ഹെക്ടര്‍ ഭൂമിയില്‍ നിന്നും 15 ടണ്‍ മണ്ണുവരെ ഒലിച്ച് നഷ്ടപ്പെടുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും ഫലപൂഷ്ടിയുള്ള സസ്യങ്ങള്‍ക്ക് ആരോഗ്യ പൂര്‍ണ്ണമായി വളരാന്‍ സഹായകരമായ മണ്ണാണ് ഓരോ മഴയത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 50 സെന്റി മീറ്റര്‍ ആഴത്തിലുള്ള മണ്ണാണ് ഒലിച്ച് നഷ്ടപ്പെടുന്നത്. ഒരു മഴയത്ത് ഒരുഹെക്ടര്‍ ഭൂമിയില്‍ നിന്ന് 15 ടണ്ണോളം മണ്ണ് നഷ്ടപ്പെടുമ്പോള്‍ 100 വര്‍ഷം കൊണ്ടാണ് ഒരു സെന്റി മീറ്റര്‍ മണ്ണ് ഭൂമിയില്‍ രൂപപ്പെടുന്നത്. മണ്ണൊലിപ്പ് ഈ വിധം തുടര്‍ന്നാല്‍ വലിയ പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മലയോര പ്രദേശങ്ങളില്‍ നിന്നും ഫലപൂഷ്ടിയുള്ള ഉപരിതല മണ്ണ് പൂര്‍ണ്ണമായും ഒലിച്ച് ഇല്ലാതാവുകയാണ്. ഇത് കാര്‍ഷിക മേഖലയ്ക്കു വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുരുമുളക്, ഏലം തുടങ്ങിയ കൃഷികള്‍ നഷ്ടത്തിലാവാന്‍ പ്രധാന കാരണവും മണ്ണൊലിപ്പ് തന്നെയാണ്. മഴവെള്ള സംരക്ഷണത്തിനും മണ്ണ് സംരക്ഷണത്തിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ മലയോര പ്രദേശങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും കാര്യക്ഷമമാകുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മഴ ശക്തമായതോടെ സമതല പ്രദേശങ്ങളിലും മണ്ണൊലിപ്പ് കൂടിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും മണ്ണൊലിപ്പിന് കാരണമാകുന്നുണ്ട്. പ്രതിരോധം അനിവാര്യം വര്‍ദ്ധിച്ചുവരുന്ന മണ്ണൊലിപ്പ് തടയാന്‍ അടിയന്തര നടപടികളാണ് ആവശ്യം. മഴയ്ക്കു മുന്നോടിയായി തന്നെ മണ്ണ് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ആരംഭിക്കണം. മഴക്കുഴികളുടെയും കയ്യാലകളുടെയും നിര്‍മ്മാണവും ഒപ്പം മരങ്ങളും പുല്ലുകളും ധാരാളം നട്ട് വളര്‍ത്താന്‍ വേണ്ട നടപടികളുമാണ് ഉണ്ടാവേണ്ടത്. മഴക്കുഴികളുടെ നിര്‍മ്മാണം ജലസംരക്ഷണത്തിന് സഹായിക്കുന്ന ഘടകമാണ്. ഇതിന് മണ്ണ് സംരക്ഷണ വകുപ്പും കൃഷിവകുപ്പും ഒരേ പോലെ നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മണ്ണൊലിപ്പ് തടയുന്നതിന് വേണ്ടി മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചെറിയ കുളങ്ങളും ചെക്ക് ഡാമുകളും നിര്‍മ്മിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.