സിപിഎം അസഹിഷ്ണുത ഹിന്ദു സമൂഹത്തോടുള്ള പ്രഖ്യാപിത യുദ്ധത്തിന്റെ ഭാഗം : കെ.പി.ശശികല ടീച്ചര്‍

Friday 22 September 2017 12:55 am IST

കണ്ണൂര്‍: ഹൈന്ദവാഘോഷങ്ങളോടുള്ള സിപിഎം അസഹിഷ്ണുത ഹിന്ദു സമൂഹത്തോടുള്ള പ്രഖ്യാപിത യുദ്ധത്തിന്റെ ഭാഗമാണെന്ന് കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. ഗണേശോത്സവ ഘോഷയാത്രക്കുനേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഗണേശ സേവാ സമിതികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞ കുറേകാലമായി ഹൈന്ദവ സമൂഹത്തിന് നേരെ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റത്തിന്റെ തുടര്‍ച്ചയാണ് കണ്ണൂരില്‍ ഗണേശോത്സവത്തിനും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കുനേരെയും നടന്ന സിപിഎം അതിക്രമങ്ങള്‍. ആഘോഷങ്ങളും ആചാരങ്ങളും സമൂഹത്തിന്റെ കൂട്ടായ്മയാണ്. മൂല്യങ്ങള്‍ സമൂഹത്തിന് എത്തിച്ചുകൊടുക്കുക എന്നുള്ള കര്‍ത്തവ്യവും ആഘോഷങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഗണേശോത്സവവും അത്തരത്തില്‍ ഒരു ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി കണ്ണൂരില്‍ പരീക്ഷിച്ച് കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്ന അജണ്ടയുടെ ഭാഗമാണ് ആഘോഷങ്ങള്‍ക്കുനേരെയുള്ള സിപിഎം അതിക്രമം. ഇഷ്ടപ്പെട്ട മതാചാരങ്ങള്‍ തെരഞ്ഞെടുക്കാനും ആഘോഷങ്ങള്‍ നടത്താനും രാജ്യത്തെ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. ഈ അവകാശം ഹിന്ദുവിനും ഉള്ളതാണ്. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ ഒരുശക്തിക്കും സാധ്യമല്ല. നബിദിനവും ക്രിസ്തുമസും ആഘോഷിക്കാന്‍ മുസ്ലീം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് എത്രമാത്രം അധികാരമുണ്ടോ, അത്തരത്തിലുള്ള അവകാശം ഹിന്ദുസമൂഹത്തിനും നമ്മുടെ നാട്ടിലുണ്ട്. ക്രിസ്തീയ, മുസ്ലീം ആഘോഷങ്ങള്‍ നടത്താനുള്ള ധൈര്യം സിപിഎമ്മിനുണ്ടോ എന്നും ഇവര്‍ ചോദിച്ചു. സിപിഎമ്മിനെ സംബന്ധിച്ച് ഒരുകാരലത്ത് മതമല്ല മതമല്ല പ്രശ്‌നം എന്നതായിരുന്നു മുദ്രാവാക്യം. എന്നാലിന്ന് മതമാണ് സിപിഎമ്മിന്റെ പ്രശ്‌നം എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. അവതാര പുരുഷനായ ശ്രീകൃഷ്ണനെ സിപിഎം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ധര്‍മ്മമുള്ളതുകൊണ്ടാണ് ബാലഗോകുലത്തിന്റെ പരിപാടികളിലേക്ക് സിപിഎമ്മുകാര്‍ ഒഴുകിയെത്തുന്നത്. ഇതില്‍ നിരാശപ്പെട്ടിട്ട് കാര്യമില്ല. ആഘോഷം നടത്താന്‍ ഹിന്ദു പോലീസ്റ്റേഷനില്‍ തൊഴുതുനില്‍ക്കേണ്ട ഗതികേടിലാണ്. ശ്രീകൃഷ്ണന്‍ ജനിച്ച ദിവസം തന്നെ ആഘോഷം നടത്തണമെന്ന വാശി സിപിഎമ്മിന് എന്തിനാണെന്നും ബാക്കിയുള്ള 364ദിവസവും ഇല്ലേ എന്നും ടീച്ചര്‍ ചോദിച്ചു. ജനങ്ങളെ വിഭജിക്കുക, സംഘട്ടനം ഉണ്ടാക്കുക, ഭയപ്പെടുത്തുക എന്നതാണ് സിപിഎം ലക്ഷ്യം. ഇത് ഇനി നടക്കില്ല. എന്തു തെറ്റാണ് ഹൈന്ദവ സമൂഹം കമ്മ്യൂണിസ്റ്റുകളോട് ചെയ്തത്? ജാതിക്കും രാഷ്ട്രീയത്തിനുമപ്പുറം ഇക്കാര്യത്തില്‍ ഹൈന്ദവസമൂഹം ചിന്തിക്കണം. ഗണപതിഹോമം നടത്താന്‍ സ്വാതന്ത്ര്യമില്ലാത്ത പാര്‍ട്ടിക്ക് അകത്തും പുറത്തും ഹിന്ദു അടിമയാണെന്ന് ടീച്ചര്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ ഭീഷണിക്കുമുന്നില്‍ ആണത്തമില്ലാതെ പിന്തിരിയാന്‍ ഹൈന്ദവ സമൂഹം ഇനിയങ്ങോട്ട് തയ്യാറില്ലെന്നും ഇവര്‍പറഞ്ഞു. കൂട്ടായ്മയില്‍ കെ.ജി.ബാബു അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് കെ.വി.ജയരാജന്‍ മാസ്റ്റര്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് നിഷ സോമന്‍, സംസ്ഥാന കമ്മറ്റി അംഗം ഷൈന പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രേഷ്മ രാജീവന്‍ സ്വാഗതം പറഞ്ഞു. ഗണേശസേവാകേന്ദ്രം സെക്രട്ടറി കെ.വി.സജീവന്‍ നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.