മട്ടന്നൂര്‍: ശിവപുരം- നടുവനാട് ഇരുപത്തിയൊന്നാം മൈല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു യാത്ര ദുഷ്കരമായി. ശിവപുരത്ത് നിന്നും നാല് കിലോ മീറ്ററോളം വരുന്ന റോഡാണ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകളിലൂടെയും മാലൂര്‍ പഞ്ചായത്തിലൂടെയും കടന്നു പോകുന്ന റോഡു പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാല്‍ കാല്‍നട യാത്ര പോലും സാധ്യമല്ലാതായിരിക്കുകയാണ്.
റോഡിന്റെ തകര്‍ച്ച കാരണം ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്താന്‍ മടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ബസ് ഉള്‍പ്പെടെ കടന്നു പോകുന്ന റോഡില്‍ മിക്കയിടങ്ങളിലും വന്‍ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അകപ്പെടുന്നതും പതിവാണ്. ദൂരം കുറവായതിനാല്‍ ഇരിട്ടിയില്‍ നിന്നു തലശേരിയിലേക്ക് പോകുന്ന ഭൂരിഭാഗം വാഹനങ്ങളും ശിവപുരം ഉരുവച്ചാല്‍ വഴിയാണ് കടന്നു പോകുന്നത്.
മട്ടന്നൂര്‍ ഇരിട്ടി റോഡ് പണി നടക്കുന്നതിനാല്‍ ചെറുതും വലുതുമായ വാഹങ്ങള്‍ ഈവഴിയാണ് കടന്നു പോകുന്നത്. മൂന്നു വര്‍ഷം മുമ്പ് റോഡ് ടാറിംഗ് പ്രവൃത്തി നടത്തിയിരുന്നുവെങ്കിലും ക്രമക്കേട് കണ്ടെത്തിയതിനാല്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. തകര്‍ന്നു കിടക്കുന്ന റോഡ് അറ്റകുറ്റ പ്രവൃത്തി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പൊതുമരാമത്ത് വകുപ്പിനു പരാതി നല്‍കുകയും സമരപരിപാടികള്‍ നടത്തുകയും ചെയ്തിരുന്നുവെങ്കിലും പരിഹാരമുണ്ടായില്ല. തകര്‍ന്ന റോഡ് എത്രയും വേഗം അറ്റകുറ്റ പ്രവൃത്തി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: