മൂന്ന് സ്വാശ്രയ മെഡി. കോളേജുകളുടെ ഹര്‍ജി രണ്ടംഗ ബെഞ്ചിന്

Friday 22 September 2017 9:35 am IST

ന്യൂദല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം സംബന്ധിച്ച ഹര്‍ജിയില്‍ വസ്തുത പരിശോധിച്ച് രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്. ആഗസ്റ്റ് 31നു ശേഷം മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനാനുമതി നല്‍കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുള്ള കോളജുകള്‍ക്ക് ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ 400ഓളം മെഡിക്കല്‍ വിദ്യാര്‍ഥികളെ ബാധിക്കുന്ന കേസില്‍ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വിധി പറയും. തൊടുപുഴ അല്‍അസര്‍, അടൂര്‍ മൗണ്ട് സിയോണ്‍, കല്‍പറ്റ ഡി.എം മെഡിക്കല്‍ കോളജുകള്‍ ഈ വര്‍ഷം നടത്തിയ പ്രവേശനത്തിന് അനുമതി തേടി സമര്‍പ്പിച്ച ഹരജികളിലാണ് നാളെ വിധി പറയുക. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലെ വിധി നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോളജുകള്‍ക്ക് ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരക്കേസില്‍ വിധി പറയുന്നത് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മാറ്റിവെച്ചത്. എന്നാല്‍, ഉത്തരവില്‍ പ്രത്യേകം വ്യക്തത വരുത്തേണ്ടതില്ലെന്നും രണ്ടംഗ ബെഞ്ചിന് വസ്തുതകള്‍ പരിശോധിച്ച് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയതോടെ പന്ത് വീണ്ടും പഴയ ബെഞ്ചിന്റെ കോര്‍ട്ടിലെത്തിയിരിക്കുകയാണ്. പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ ഹര്‍ജിയില്‍ ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനത്തിന് ഒരു സ്ഥാപനത്തിനും അനുമതി നല്‍കരുതെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി. കേരളത്തില്‍നിന്നുള്ള മൂന്ന് മെഡിക്കല്‍ കോളജുകളുടെ ഹരജി ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു ഈ ഉത്തരവ് മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ചത്. ഈ വിഷയം കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചതോടെ, മൂന്ന് കോളജുകളിലെ പ്രവേശന വിഷയം ചീഫ് ജസ്റ്റിസ് മുമ്പാകെ ഉന്നയിക്കാന്‍ രണ്ടംഗ ബെഞ്ച് നിര്‍ദേശിക്കുകയും വ്യാഴാഴ്ച വിഷയം മൂന്നംഗ ബെഞ്ചിന്റെ മുമ്പാകെ ഉന്നയിക്കുകയുമായിരുന്നു. അതറിഞ്ഞ ശേഷം കേസില്‍ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.