ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് സഹോദരന്‍ കസ്‌കര്‍

Friday 22 September 2017 10:05 am IST

  മുംബൈ: അധോലോകക്രിമിനലും മുംബൈ സ്ഫോടനക്കേസ് സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് സഹോരന്‍ ഇക്ബാല്‍ കസ്‌കര്‍. ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പോലീസ് ചോദ്യം ചെയ്യുന്നതിനിടെയിലാണ് കസ്‌കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പാക്കിസ്ഥാനില്‍ ദാവൂദ് താമസിക്കുന്ന മേല്‍വിലാസം പോലീസിന് കൈമാറിയതായാണ് വിവരം. ദാവൂദ് പാക്കിസ്താനിലുണ്ടെന്ന് ഇന്ത്യ നാളുകളായി ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും പാകസ്താന്‍ ഇത് നിഷേധിച്ചു വരികയായിരുന്നു. ഇതിന് തിരിച്ചടിയെന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൈമാറുമെന്നും താനെ പോലീസ് അറിയിച്ചു. ദാവൂദിനെ താന്‍ ദുബൈയില്‍ വെച്ച് കണ്ടിട്ടില്ലെന്നാണ് ഇക്ബാലിന്റെ മൊഴിയെങ്കിലും പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. 2005ല്‍ ദാവൂദിന്റെ മകള്‍ മെഹ്‌റൂക്കിന്റെയും പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ ദാദിന്റെ പുത്രന്‍ ജുനൈദിന്റെയും വിവാഹം നടന്നത് വെസ്റ്റ് ഏഷ്യയില്‍ വെച്ചായിരുന്നു. വിവാഹത്തില്‍ ദാവൂദ് പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സഹോദരന്മാര്‍ അവസാനമായി കണ്ടുമുട്ടിയത് അവിടെ വെച്ചായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം.അതേസമയം ഒരു തരത്തിലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് കസ്‌കര്‍ അറിയിച്ചു. ഫോണ്‍ ചോര്‍ത്തപ്പെടുമെന്ന ഭീതിയാലാണ് ദാവൂദ് ഇന്ത്യയിലെ അനുയായികളെ വിളിക്കാത്തതെന്നും കസ്‌കര്‍ അറിയിച്ചു. ഇരുവരുടെയും മറ്റൊരു സഹോദരനായ അനീസ് ഇബ്രാഹിം ദാവൂദിനൊപ്പമാണു കഴിയുന്നത്. അടുത്തിടെ അനീസുമായി ആകെ നാലോ അഞ്ചോ തവണ മാത്രമേ സംസാരിച്ചിരുന്നുള്ളൂവെന്നും കസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. കെട്ടിട നിര്‍മാതാക്കള്‍, ബിസിനസുകാര്‍ തുടങ്ങിയവരില്‍നിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് കസ്‌കര്‍ പിടിയിലായത്. ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണു കസ്‌കര്‍ പലരെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.