അന്‍‌വറിന്റെ പാര്‍ക്കിന് തൊഴില്‍‌വകുപ്പിന്റെ രജിസ്ട്രേഷനില്ല

Friday 22 September 2017 10:26 am IST

കോഴിക്കോട്: പി.വി അന്‍വര്‍ എം‌എല്‍‌എയുടെ പാര്‍ക്ക് നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പാര്‍ക്കിന് ഇതുവരെയും തൊഴില്‍ വകുപ്പിന്റെ രജിസ്ട്രേഷന്‍ ലഭിച്ചിട്ടില്ല. വിവരാവകാശ രേഖയിലാണ് ഇക്കാര്യം ഉള്ളത്. തൊഴിലാളികളുടെ വിവരങ്ങള്‍ സ്ഥാപനം ഹാജരാക്കിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. മാലിന്യനിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ക്കിന്റെ അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ അന്‍‌വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു. കോഴിക്കോട് കക്കാടംപൊയിലിലാണ് നിലമ്പൂര്‍ എം‌എല്‍‌എ പി.വി അന്‍‌വര്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍ പരിസ്ഥിതി ലോലപ്രദേശമാണ്. ഇവിടെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് പീവീആര്‍ നാച്വറോ പാര്‍ക്ക് എന്ന വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്കിനുള്ള പല അനുമതികളും നേടിയെടുത്തത്. നിയമങ്ങള്‍ അട്ടിമറിച്ചാണ്. പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുമ്പ് തന്നെ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ആദിവാസികളടക്കമുള്ളവരുടെ കുടിവെള്ളം തടസ്സപ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതെന്ന് മുന്‍ നോര്‍ത്ത് ഡിഎഫ്ഒ കെ.കെ.സുനില്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ മലപ്പുറം ജില്ലാ കളക്ടര്‍ ടി.ഭാസ്‌ക്കരന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പി.വി അന്‍വര്‍ നിലമ്പൂരില്‍ നിന്നും ഇടതുസ്വതന്ത്രനായി വിജയിച്ചശേഷം ടൂറിസം ലോബി തടാകത്തില്‍ അഞ്ചു ബോട്ടുകള്‍ ഇറക്കി ബോട്ട് സര്‍വീസിനും തുടക്കമിടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.