പശുവിന്റെ പേരില്‍ അക്രമം: നടപടി അറിയിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി

Friday 22 September 2017 11:44 am IST

ന്യൂദല്‍ഹി: പശുവിന്റെ പേരിലുള്ള അക്രമം തടയാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് എല്ലാ സംസ്ഥാനങ്ങളും അറിയിക്കണമെന്ന് സുപ്രീംകോടതി. ഒക്ടോബര്‍ 31 ന് മുമ്പ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് നല്‍കണം. അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തടയണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അക്രമം തടയാന്‍ ജില്ലാ പോലീസ് മേധാവിമാരെ നോഡല്‍ ഓഫീസര്‍മാരാക്കാനും ഹൈവേ പട്രോളിങ് ശക്തമാക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്നു കേന്ദ്രസര്‍ക്കാരെ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനങ്ങളുടെ വിഷയമാണെന്നും നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഗോ സംരക്ഷകരെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതരെയും ന്യൂനപക്ഷങ്ങളുടെയും മേല്‍ അക്രമങ്ങള്‍ ഉണ്ടാകുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.