തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

Friday 22 September 2017 12:05 pm IST

തിരുവനന്തപുരം: നെടുമുടി മാത്തൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് റവന്യൂ മന്ത്രി ഉത്തരവിട്ടു. ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി മന്ത്രി കൈവശം വച്ചുവെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനാണ് റവന്യൂമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. 1998 മാര്‍ച്ച് 31വരെ മാത്തൂര്‍ ക്ഷേത്രം കരമടച്ചുവന്നിരുന്ന ഭൂമി പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ക്ക് പാട്ടത്തിനു നല്‍കിയിരുന്നു. തുടര്‍ന്നാണ് ദേവസ്വത്തിന് ഭൂമി നഷ്ടമാകുന്നത്. നിരവധി കേസുകള്‍ ദേവസ്വം നടത്തിയെങ്കിലും ബന്ധപ്പെട്ടവരുടെ സ്വാധീനം ഉപയോഗിച്ച് പോള്‍ സ്ഥലം തോമസ്ചാണ്ടിക്കു കൈമാറുകയായിരുന്നു. ലാന്‍ഡ് ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ കൈമാറി എന്നതു സംബന്ധിച്ച് ഇപ്പോഴും ദേവസ്വം അധികാരികള്‍ക്ക് യാതൊരു ധാരണയുമില്ല. പോളിന്റെ ആസ്‌ട്രേലിയന്‍ പൗരത്വമുള്ള മക്കളാണ് തോമസ് ചാണ്ടിക്ക് സ്ഥലം കൈമാറിയതെന്നാണ് അറിയുന്നത്. ഒരുസ്ഥലത്തിന് ഒരുവര്‍ഷം തന്നെ രണ്ടുപേര്‍ക്ക് പട്ടയം നല്‍കി. ആദ്യം ഒരു സ്വാമിയുടെ പേരിലും പിന്നീട് പോളിനും പട്ടയം നല്‍കുകയായിരുന്നു. എന്നാല്‍ സ്വാമി ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. 98 ഏപ്രില്‍ നാലിന് തഹസീല്‍ദാര്‍ ഇറക്കിയ ഉത്തരവിലാണ് പട്ടയം സ്വാമിയുടെ പേരിലാക്കിയതെന്ന് മാത്തൂര്‍ കുടുംബത്തിലെ അമൃതകുമാര്‍ പറഞ്ഞു. എന്നാല്‍ പോളിന്റെ കയ്യില്‍ നിന്ന് പണംനല്‍കി ഭൂമി വാങ്ങുകയായിരുന്നുവെന്നാണ് ചാണ്ടിയുടെ വാദം.