കാല്‍വരി മുങ്ങിക്കപ്പല്‍ സൈന്യത്തിന് കൈമാറി

Friday 22 September 2017 3:17 pm IST

  മുംബൈ; മുംബൈ മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച സ്‌ക്കോര്‍പ്പീന്‍ വിഭാഗത്തില്‍ പെട്ട ആദ്യ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് കാല്‍വരി നാവിക സേനക്ക് കൈമാറി. ഇന്ത്യയുടെ നാവിക ശേഷിക്ക് വലിയ മുതല്‍ക്കൂട്ടാണ് പുതിയ മുങ്ങിക്കപ്പല്‍.ഫ്രഞ്ച് പ്രതിരോധ കമ്പനി ഡിസിഎന്‍എസ് രൂപകല്പ്പന ചെയ്തവയാണിത്. ശത്രുക്കളുടെ കണ്ണില്‍ പെടാതെ മുങ്ങി സഞ്ചരിക്കാന്‍ കഴിയുന്ന അന്തര്‍വാഹിനിയില്‍ അത്യാധുനിക സംവിധാനം ഉള്ളതിനാല്‍ അല്പ്പം പോലും ശബ്ദം ആരും കേള്‍ക്കില്ല. നിയന്ത്രിത മിസൈലുകള്‍ അടക്കം ഉപയോഗിച്ച് ശത്രുക്കളെ ശക്തമായി അടിക്കാന്‍ കഴിവുണ്ട്. ഇന്ത്യയുടെ ആദ്യകാല്‍വരി മുങ്ങിക്കപ്പല്‍ 1967 ഡിസംബര്‍ എട്ടിനാണ് സൈന്യത്തില്‍ ചേര്‍ത്തത്. 96 മെയ് 31ന് അതിനെ സൈന്യത്തില്‍ നിന്ന് നീക്കി(ഡീ കമ്മീഷന്‍ ചെയ്തു). മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഫ്രഞ്ച് സഹായത്തോടെ മുംബൈ മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ചതാണ് പുതിയ അന്തര്‍വാഹിനി. രണ്ടാമത്തെ സ്‌ക്കോര്‍പ്പീന്‍ വിഭാഗത്തില്‍ പെട്ട മുങ്ങിക്കപ്പല്‍ ഖണ്‌ഡേരി ജനുവരിയില്‍ കപ്പല്‍ശാല നീറ്റിലിറക്കി കടലില്‍ ട്രയല്‍ നടത്തിവരികയാണ്. ട്രയല്‍ പൂര്‍ണ്ണമായി തീരുന്ന മുറയ്ക്ക് സൈന്യത്തിന് കൈമാറും. മൂന്നാമത്തെ മുങ്ങിക്കപ്പല്‍ കരഞ്ജ് ഈ വര്‍ഷം നീറ്റിലിറക്കും. ആറു മുങ്ങിക്കപ്പലുകളാണ് സൈന്യത്തില്‍ ചേര്‍ക്കുക. 2060 ടണ്‍ ഭാരവും 61.7 മീറ്റര്‍ നീളവും ഉള്ള മുങ്ങിക്കപ്പലിന് ശരാശരി 20 നോട്ടിക്കല്‍ മൈല്‍ വേഗതയുണ്ട്. 50 ദിവസം തുടര്‍ച്ചയായി കടലില്‍ കഴിയാം. കപ്പല്‍ വേധ മിസൈലുകളാണ് പ്രധാന ആയുധം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.