കാറ്റിലും മഴയിലും വന്‍ കൃഷിനാശം

Friday 22 September 2017 12:49 pm IST

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് ഞാലിപ്പൂവന്‍ ഇനത്തില്‍പ്പെട്ട 500ഓളം വാഴകള്‍ നശിച്ചു. ഒരു മാസം കഴിഞ്ഞ് വിളവെടുക്കാന്‍ പാകമായ കുലച്ച വാഴകളാണ് കാറ്റിലും മഴയിലും നശിച്ചത്. കുലശേഖരപുരം പഞ്ചായത്തില്‍ സംഘപ്പുരമുക്കിനു സമീപം സ്വകാര്യവ്യക്തിയുടെ തരിശുകിടന്ന മൂന്നേക്കറോളം ഭൂമി പാട്ടത്തിനെടുത്താണ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ 8 മാസം മുമ്പ് 1500 വാഴകള്‍ നട്ടത്. പൂര്‍ണ്ണമായും ജൈവവളമുപയോഗിച്ച് നടത്തിയ കൃഷിയില്‍ നല്ല വിളവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ബാങ്കില്‍ നിന്ന് വായ്പ എടുത്ത 75000 ത്തോളം രൂപയും കര്‍ഷകരുടെ വിഹിതവും ചേര്‍ത്താണ് കൃഷി ഇറക്കിയത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചാണകവും കോഴിഫാമില്‍ നിന്നുള്ള വളവും മാത്രമുപയോഗിച്ച് നട്ടുവളര്‍ത്തിയ വാഴകളില്‍ നല്ല കുലകളാണ് ലഭിച്ചത്. കുലശേഖരപുരം കൃഷി ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് കൃഷി നടത്തിയത്. കൃഷി ഓഫീസര്‍ വി.ആര്‍. ബിനീഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നാശനഷ്ടത്തിന്റെ കണക്ക് ശേഖരിച്ചു. കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും നടപടികള്‍ കൈക്കൊള്ളണമെന്ന് കര്‍ഷക കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീധരനും സെക്രട്ടറി രാജീവ് ഉണ്ണിയും ആവശ്യപ്പെട്ടു.