സമ്പദ്‌രംഗം ശക്തിപ്പെടുത്താന്‍ പുതിയ നടപടികള്‍: ജെയ്റ്റ്‌ലി

Friday 22 September 2017 3:08 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ്‌രംഗം ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടപടികള്‍ പ്രഖ്യാപിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ കൂടുതല്‍ വര്‍ദ്ധനവുണ്ടാക്കുന്നതിനുള്ള അടിയന്തര ആലോചനായോഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായി ധനമന്ത്രി വ്യക്തമാക്കി. സഹമന്ത്രിമാരുമായും ധനമന്ത്രാലയ ഉദ്യഗസ്ഥരുമായും മറ്റു സാമ്പത്തിക വിദഗ്ധരുമായും യോഗങ്ങള്‍ ചേര്‍ന്നതായും ജെയ്റ്റ്‌ലി പറഞ്ഞു. എല്ലാ സാമ്പത്തിക സൂചികകളും സര്‍ക്കാര്‍ പരിശോധിക്കുകയാണ്. സാധ്യമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. എന്നാല്‍ നടപടികളെന്തെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കാനാവില്ല. പ്രധാനമന്ത്രി അടക്കമുള്ളവരോട് ആലോചിക്കേണ്ടതുണ്ട്. അതാതു സമയങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ശക്തമായ അടിയന്തിര നടപടികളെടുക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുമായി അതിവേഗം സര്‍ക്കാര്‍ മുന്നോട്ടു പോകും, ജയ്റ്റ്‌ലി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ധന വിലയില്‍ കുറവു വരുത്താനുള്ള ശ്രമങ്ങള്‍ തല്‍ക്കാലം ഉണ്ടാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ നികുതി ചുമത്തുന്നുണ്ട്. ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങള്‍ വാറ്റ് നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും ഭരണമുള്ള സര്‍ക്കാരുകള്‍ സെസുകള്‍ കുറയ്ക്കാന്‍ ശ്രമിക്കണം, ജയ്റ്റ്‌ലി പറഞ്ഞു. ജിഡിപി വളര്‍ച്ചാ നിരക്കില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം ഇടിവുണ്ടായത് മറികടക്കാനുള്ള ശ്രമങ്ങളാണ് ധനമന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.7 ആയി സമ്പദ് വളര്‍ച്ച കുറഞ്ഞിരുന്നു. എന്നാല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നത് വിജയമായാണ് കേന്ദ്രവിലയിരുത്തല്‍. ജിഎസ്ടി സമ്പ്രദായം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.